തൃശൂര്‍: പോലീസ് വേഷത്തില്‍ 15 കോടിയോളം കവർച്ച നടത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ. കഴിഞ്ഞ രണ്ടര വർഷമായി പോലീസ് വേഷത്തിൽ ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കൊള്ളയും കവര്‍ച്ചയും നടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയായ തൃശൂര്‍ അരിമ്ബൂര്‍ വെളുത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വിപിനെയാണ് (പട്ടാളം വിപിന്‍-23)അറസ്റ്റ് ചെയ്തത്.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.നേരത്തെ വിപിന്റെ കൂട്ടാളികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് അറിഞ്ഞ് ഒളിവില്‍ പോയ വിപിന്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചുവരികയായിരുന്നു.
ദേശീയപാതകളിലും ട്രെയിനുകളിലും കുഴല്‍പ്പണക്കടത്തു സംഘങ്ങളെയും സ്വര്‍ണവ്യാപാരികളെയുമാണ് ഈ സംഘം കവര്‍ച്ചയ്ക്ക് ഇരയാക്കിരുന്നത്. പോലീസ് വേഷത്തിലെത്തി ഇവരെ തെറ്റിദ്ധരിപ്പിച്ചു കസ്റ്റഡിയിലെടുക്കുകയും പിന്നീടു മര്‍ദിച്ച് അവശനാക്കി കവര്‍ച്ചയ്ക്കു ശേഷം വഴിയില്‍ ഉപേക്ഷിക്കുന്നതുമാണു പതിവ്.
രണ്ടര വര്‍ഷത്തിനിടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ചെറുതും വലുതുമായ നാല്‍പതോളം കവര്‍ച്ചകളാണു കൊള്ള സംഘം നടത്തിയതെന്നും ഇതിനുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. വിവിധ സംഭവങ്ങളിലായി 15 കോടിയോളം രൂപയും മുപ്പതു കിലോയിലേറെ സ്വര്‍ണവുമാണ് ഇവര്‍ കവര്‍ന്നത്.
കുഴല്‍പ്പണക്കടത്തു സംഘങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും പരാതി ലഭിക്കാതിരുന്നതാണു കവര്‍ച്ച പുറത്തറിയാതെ പോയതിനു കാരണം.നേരത്തെ അറസ്റ്റിലായ സുജീഷ്, സുലൈമാന്‍, ബിജു, സുരേന്ദ്രന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
Post Your Comments