Latest NewsKerala

സർക്കാർ സഹനസമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു : കെ.സോമൻ

ആലപ്പുഴ : സഹനസമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. അയ്യപ്പവേട്ടയിൽ മനം നൊന്ത് ആത്മാഹുതി ചെയ്ത വേണുഗോപാലന്‍ നായരോടുള്ള ആദരസൂചകമായി നടന്ന ഹർത്താലിനോടനുബന്ധിച്ച് ആലപ്പുഴയിൽ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരസംരക്ഷണത്തിനു വേണ്ടി ആഴ്ചകളായി നിരാഹാരം അനുഷ്ഠിക്കുന്ന സംസ്ഥാന നേതാക്കളുടെ സമരം മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു. നിലയ്ക്കലിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ അയ്യപ്പ ഭക്തന്റെ വീട് സന്ദർശിക്കുവാൻ പോലും ഒരു നേതാക്കളും തായ്യാറായിട്ടില്ല. ശബരിമല വിഷയത്തിൽ മൂന്നുപേർ മരിച്ചിട്ടും സർക്കാരിന് കുലുക്കമില്ലാത്തത് ഭൂരിപക്ഷസമുദായത്തോടുള്ള വെല്ലുവിളിയാണ്.

കേരളത്തിലെ നവോത്ഥാന ഗുരുവായ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ പാർട്ടിയാണ് ഇന്ന് നവോത്ഥാനത്തെ കുറിച്ച് പറയുന്നത്. വനിതാ മതിൽ കെട്ടുന്നതിന്റെ മുൻപ് തന്നെ പൊളിയുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങി. കേരളം മുഴുവൻ ഡിസംബർ 26 ന് അയ്യപ്പ ജ്യോതി തെളിയിച്ചുകൊണ്ടു പുതിയൊരു തുടക്കത്തിന് തിരി തെളിയുകയാണ്. ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ ബി.ജെ.പി. വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, താലൂക്ക് സംഘചാലക് സഹദേവൻ, താലൂക്ക് കാര്യവാഹ് പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മണ്ഡലം ഭാരവാഹികളായ കണ്ണൻ തിരുവമ്പാടി, കെ.പി.സുരേഷ് കുമാർ, വരുൺ, രഞ്ജിത് റ്റി.സി., റോഷ്‌നി, സുമിത്ത് , അഭിലാഷ് എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button