Latest NewsKeralaIndia

വനിതാ മതില്‍ ശബരിമല വിഷയത്തിലെന്ന് മുഖ്യമന്ത്രി, കൂടുതല്‍ സമുദായ സംഘടനകള്‍ പിന്‍വാങ്ങിയേക്കും

സര്‍ക്കാരിന് മാത്രമല്ല, ഇത്തരം ആശയങ്ങള്‍ക്കായി സ്ത്രീകള്‍ അണിനിരക്കണമെന്ന് അഭിപ്രായമുള്ള ആര്‍ക്കും വനിതാ മതിലിനെ പിന്തുണയ്ക്കാം.

തിരുവന്തപുരം:ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ശബരിമല വിഷയത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി . ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ ചിലരുടെ ഇടപെടലുകൾ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്നതായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സംഘടനകളുടെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ശബരിമല പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ പൊതുവായി ഒരു സ്ത്രീ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായം അവരില്‍ നിന്ന് തന്നെ ഉയർന്നു വന്നതായും ഇതിനെ തുടർന്ന് വനിതാ മതില്‍ ഉണ്ടാക്കണമെന്ന് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഘടനകള്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്തുണ മാത്രമാണ് സർക്കാർ നൽകിയത്. സര്‍ക്കാരിന് മാത്രമല്ല, ഇത്തരം ആശയങ്ങള്‍ക്കായി സ്ത്രീകള്‍ അണിനിരക്കണമെന്ന് അഭിപ്രായമുള്ള ആര്‍ക്കും വനിതാ മതിലിനെ പിന്തുണയ്ക്കാം.

ഇതിന്റെ സംഘാടക സമിതിയിലും ആരെ അംഗങ്ങളാക്കുന്നതിനും സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനെ പിന്തുണയ്ക്കാതെ മാറിനില്‍ക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടുകയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം മുന്നേറ്റങ്ങളെ എതിര്‍ത്തവരുടെ പേരുകള്‍ ഇന്ന് നാമാരും ഓര്‍ക്കുന്നില്ല. അതേസമയം ആ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ജനങ്ങള്‍ ഇന്നും ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിത മതില്‍ ശബരിമലയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ടുള്ളതെല്ല എന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ ആചാരലംഘനമാണെങ്കില്‍ മതിലിനോട് സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വനിത മതില്‍ ശബരിമല വിഷയത്തില്ലലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. എന്നാല്‍ ഇതെല്ലാം തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. ഇതോടെ വെള്ളാപ്പള്ളിയുടെ അടുത്ത നടപടി എന്താണെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button