KeralaLatest News

ഡ്യൂട്ടിയിലായിരുന്ന പോലീസുകാർക്ക് എസ്.എഫ്.ഐ. പ്രവർത്തകരുടെ ക്രൂര മർദനം

തിരുവനന്തപുരം: സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്.എഫ്.ഐ. പ്രവർത്തകർ പൊതുനിരത്തിൽ ക്രൂരമായി മർദിച്ചു. എസ്.എ.പി. ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ് മർദനമേറ്റത്. പാളയം യുദ്ധസ്മാരകത്തിന് സമീപം ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. വഴിയാത്രക്കാർ നോക്കിനിൽക്കവേയാണ് യൂണിഫോമിലായിരുന്ന പോലീസുകാരെ ഇരുപതോളം എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പോലീസ് എത്താനും വൈകി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ട്രാഫിക് നിയമം ലംഘിച്ച് ‘യു’ടേൺ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പോലീസുകാരൻ അമൽകൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പോലീസുകാരനുമായി തർക്കിച്ച യുവാവ് യൂണിഫോമിൽ പിടിച്ച് തള്ളി. ഇതുകണ്ട് സമീപത്ത് നിന്ന പോലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികൻ ഫോൺചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാർത്ഥികൾ പാഞ്ഞെത്തി. ഇവർ എത്തിയ ഉടൻ രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മർദ്ദിച്ചു. വിദ്യാർത്ഥികളുടെ അക്രമണത്തിൽ നിന്നും ഓടിമാറിയ ട്രാഫിക് പോലീസുകാരൻ അമൽകൃഷ്ണയാണ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. പോലീസ് എത്തിയപ്പോഴേക്കും ഇരു പോലീസുകാരെയും വിദ്യാർത്ഥികൾ തല്ലി അവശരാക്കിയിരുന്നു. ഇരുവരും എഴുന്നേൽക്കാൻ പോലും കഴിയാതെ റോഡിൽ കിടക്കുകയായിരുന്നു.

വൈകിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമികളെ പിടികൂടി. ഇവരെ ജീപ്പിൽകയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്.എഫ്.ഐ. നേതാക്കൾ സ്ഥലത്തെത്തി. പോലീസുകാരെ വിരട്ടി. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടു. ഇവരെ ഞങ്ങൾ വീട്ടിൽകൊണ്ടുപോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കോളേജ് യൂണിയൻ നേതാവ് പോലീസ് ജീപ്പ് തടഞ്ഞത്. കൂടുതൽ വിദ്യാർത്ഥികളും നേതാക്കളും സംഘടിച്ചതോടെ പോലീസുകാർ പിൻമാറി. അവശരായ പോലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ദേഹമാസകലം പരിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button