അബുദാബി: ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് സമ്മേളനത്തിനായി അബുദാബിയിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വരവേല്‍ക്കാനൊരുങ്ങി യു.എ.ഇ.യിലെ വിശ്വാസി സമൂഹം. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പോപ്പ് ഫ്രാന്‍സിസ് ചരിത്രപരമായ സന്ദര്‍ശനത്തിന് യു.എ.ഇ.യിലെത്തുന്നത്. ഫെബ്രുവരി മൂന്നിന് വൈകീട്ട് അബുദാബിയിലെത്തുന്ന പോപ്പ് അഞ്ചാം തീയതിവരെയാണ് യു.എ.ഇ.യിലുണ്ടാവുക. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തുന്ന പോപ്പിനെ ശൈഖ് മുഹമ്മദ് സ്വീകരിക്കും. ഫെബ്രുവരി അഞ്ചിന് രാവിലെ പത്തരയ്ക്ക് സായിദ് സ്‌പോര്‍ടസ് സിറ്റിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒരുലക്ഷത്തിലധികം ആളുകളെ അഭിസംബോധന ചെയ്ത് പോപ്പ് സംസാരിക്കും.
പത്ത് ലക്ഷത്തിലധികം റോമന്‍ കത്തോലിക്കാരടക്കമുള്ള ക്രിസ്തീയ വിശ്വാസി സമൂഹമാണ് യു.എ.ഇ.യിലുള്ളത്. പോപ്പിന്റെ സന്ദര്‍ശനം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സമൂഹം. പോപ്പിന്റെ സന്ദര്‍ശനം ചരിത്രത്തിന്റെ ഭാഗമായിരിക്കുമെന്നും സമൂഹത്തില്‍ സ്‌നേഹവും സഹവര്‍ത്തിത്വവും ഉറപ്പാക്കാനും മാനവികത മുറുകെപ്പിടിക്കാനും ബന്ധം കൂടുതല്‍ ശക്തമാക്കാനും ഇത് സഹായിക്കുമെന്നും യു.എ.എ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചിരുന്നു. യു.എ.ഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം സുശക്തമാക്കാന്‍ പോപ്പിന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.
Post Your Comments