തിരുവനന്തപുരം : ശബരിമലയുടെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തണമെന്നും നിയമനിര്‍മ്മാണം നടത്തണമെന്നും പരിസ്ഥിതിസമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ അദ്ധ്യക്ഷനായ നിയമസഭാ പരിസ്ഥിതിസമിതി പതിനഞ്ചാം റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ശാസ്ത്രീയമായ തീര്‍ത്ഥാടന സംവിധാനം നടപ്പാക്കണം.മാലിന്യസംസ്‌കരണത്തിന് കൂടുതല്‍ ശേഷിയുള്ള പ്ലാന്റുകള്‍ നിര്‍മ്മിക്കണം.മാലിന്യങ്ങള്‍ വലിച്ചെടുത്ത് മണ്ണിനെ ശുദ്ധീകരിക്കുന്ന മരങ്ങളും കൈതച്ചെടി പോലുള്ള സസ്യങ്ങളും പമ്ബ അടക്കമുള്ള നദികളുടെയും തോടുകളുടെയും തീരങ്ങളില്‍ നട്ടുവളര്‍ത്തണം.വനത്തിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ ഭക്ഷിച്ച് ആന ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ചത്തൊടുങ്ങുന്നത് ഒഴിവാക്കാന്‍ ശര്‍ക്കര പനയോലവട്ടികളിലാക്കി ചണചാക്കുകളില്‍ കൊണ്ടുവരണം. ഉപയോഗശേഷം ലേലം ചെയ്യണം.
കൂടാതെ തീര്‍ത്ഥാടകര്‍ക്ക് അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ പമ്പാനദിക്ക് പ്രത്യേക കൈവഴിയുണ്ടാക്കുന്നതും അതിലെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്ത് പമ്ബയുമായി വീണ്ടും യോജിപ്പിക്കുന്നതും സാധ്യമാണോ എന്നു പരിശോധിക്കണം.കാട്ടിലെ ജീവികളെ ബൈക്കിന്റെ ശബ്ദം പ്രതികൂലമായി ബാധിക്കുന്നതിനാല്‍ നിലയ്ക്കലിനപ്പുറത്തേക്ക് ബൈക്ക് യാത്ര അനുവദിക്കരുത്.ഇരുമുടിക്കെട്ടില്‍ പൂജാദ്രവ്യങ്ങളും മറ്റും പേപ്പറിലോ തുണിയിലോ മാത്രം പൊതിഞ്ഞു കൊണ്ടുവരാന്‍ വിവിധ ഭാഷകളില്‍ ബോധവത്കരണം നടത്തണം.ലോഹാംശം കൂടുതലുള്ള മാരകമായ രാസസിന്ദൂരത്തിന് പകരം ജൈവസിന്ദൂരം പ്രോത്സാഹിപ്പിക്കണം. തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചു. നിയമസഭാസമിതികള്‍ സമര്‍പ്പിക്കുന്ന പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകള്‍ അവയുടെ നടപടിറിപ്പോര്‍ട്ട് സഹിതം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന ധാരണയുണ്ടെന്ന് പരിസ്ഥിതിസമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരനും അംഗം പി.ടി.എ. റഹിമും പറഞ്ഞു.
Post Your Comments