KeralaLatest News

മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

തിരുവനന്തപുരം•2018ലെ കേരളാ മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ബിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാൻ നിയമസഭ തീരുമാനിച്ചു. നഗരഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ ഒഴിവാക്കുവാൻ നാഷണൽ അർബൻ ട്രാൻസ്‌പോർട്ട് പോളിസി നിർദ്ദേശിക്കുന്നതും എല്ലാ വകുപ്പുകളേയും ഒരു കുടക്കീഴിലാക്കുന്ന യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ്. ഈ ബിൽ നിലവിൽ വന്നാൽ നഗരഗതാഗതത്തിൽ എന്തു തീരുമാനമെടുക്കുമ്പോഴും എല്ലാ വകുപ്പുകളും തമ്മിൽ ഏകോപനമുണ്ടാക്കുകയും ഗതാഗത പ്രശ്‌നങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹരിക്കുവാനും കഴിയുമെന്ന് ഗതാഗത മന്ത്രി അിറയിച്ചു.

സംസ്ഥാനത്തെ പ്രധാന നഗരപ്രദേശങ്ങളെ അർബൻ മൊബിലിറ്റി പ്രദേശങ്ങളായി കണക്കാക്കുന്നതിനും നഗരഗതാഗതത്തിന്റെ ആസൂത്രണം, മേൽനോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും നഗരപ്രദേശങ്ങളിലുള്ള ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾക്കും വേണ്ടി മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റികൾ രൂപീകരിക്കുക എന്നതാണ് ബില്ലിന്റെ ഉദ്ദേശ്യം.
ഒരു സ്വതന്ത്ര സ്ഥാപനമായാണ് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപീകരിക്കുക. ഒരു ചെയർപേഴ്‌സൺ ഉൾപ്പെടെ 15 അംഗങ്ങളോളം ഉൾപ്പെടും.

യന്ത്രവത്കൃതമല്ലാത്തതുൾപ്പെടെയുള്ള വിവിധ ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, പാർക്കിംഗിന് വേണ്ടി സ്ഥലം ഏർപ്പെടുത്തൽ, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ അധിഷ്ഠിതമായ എല്ലാ ഗതാഗത സംവിധാനങ്ങൾക്കും യോജിച്ചതും ഏകോപിപ്പിച്ചതുമായ ടിക്കറ്റ് വിതരണ സംവിധാനം, നഗരഗതാഗത സേവനം മെച്ചപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയപ്പോഴും കേന്ദ്രസർക്കാരും കൊച്ചി മെട്രോറെയിലും കേരള സർക്കാരും തമ്മിൽ ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചപ്പോഴും ഇത്തരം വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു. ഏകീകൃതമായ ഗതാഗതമാർഗ്ഗങ്ങൾ ഏർപ്പെടുത്തുക എന്നത് വിദേശ ധനകാര്യ ഏജൻസികളും മുന്നോട്ടുവച്ച ഒരു നിബന്ധനയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ 2017ലെ മെട്രോ റെയിൽ പോളിസിയിൽ മെട്രോ പദ്ധതികൾ നടപ്പാക്കുന്ന നഗരങ്ങളിൽ അർബൻ മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അടിയന്തരമായി രൂപീകരിക്കണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്.

ജനസാന്ദ്രതയും വാഹനപ്പെരുപ്പവും കൂടുതലുള്ള തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളുടെ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഈ ആക്ട് പ്രാബല്യത്തിൽ വരുന്ന തിയതി മുതൽ തന്നെ അർബൻ മൊബിലിറ്റി പ്രദേശങ്ങളായി കണക്കാക്കപ്പെടുന്നതാണെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

നിയമസഭാ സെലക്ട് കമ്മിറ്റി ബില്ലിലെ വിഷയം സംബന്ധിച്ച് വിവിധ തലത്തലിൽ വിവരശേഖരണം നടത്തി പുതുക്കിയ ബിൽ സമർപ്പിക്കും. സെലക്ട് കമ്മിറ്റി സമർപ്പിക്കുന്ന ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button