തൃശ്ശൂര്‍: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ എല്ലാ വീടുകളുടെയും പുനര്‍നിര്‍മാണം 2019 ല്‍ പൂര്‍ത്തിയാക്കും. വീടുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച അറപ്പത്തോട് ഷട്ടര്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പ്രളയ കാലത്ത് 3982 വീടുകള്‍ പൂര്‍ണമായും നശിച്ചിരുന്നു. ഇതില്‍ 1590 വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. ബാക്കി നില്ക്കുന്ന വീടുകളുടെ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്കാന് അപേക്ഷകള്‍ ഉടനെ ക്ഷണിക്കും. മാത്രമല്ല പ്രളയം തകര്‍ത്ത കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments