കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എതിര്‍ സ്ഥാനാര്‍ത്ഥിയും അന്തരിച്ച മുസ്ലീം ലീഗ് എം.എല്‍.എയുമായ പി.ബി.അബ്ദുല്‍ റസാഖിന്റെ മരണത്തോടെ മകന്‍ ഷഫീഖ് റസാഖ് സുരേന്ദ്രന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയും കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് കേസ് നടപടികളുമായി ഇനി മുന്നോട്ട് പോകണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു.
എന്നാൽ തുടർ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് കെ സുരേന്ദ്രൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും, ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.
അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. അതെ സമയം ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.
Post Your Comments