ഡല്‍ഹി: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വീണ്ടും രംഗത്ത്. ശബരിമല പോലൊരു വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി ഭരണഘടനാ ധാര്‍മ്മികതയെ ആശ്രയിക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ജെ. ദാദാചഞ്ചി മെമ്മോറിയല്‍ ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.
ലോകത്തെ ഒരു പരമോന്നത കോടതിക്കും ഉള്ളതിനേക്കാള്‍ അധികാരം ഇന്ത്യന്‍ സുപ്രീം കോടിതിക്ക് സ്വയം കല്‍പിച്ചു കൊടുത്തതായും, മറ്റൊരു കോടതിയും സുപ്രീം കോടതിയുടെ അത്ര അധികാരം പ്രയോഗിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ഭരണഘടനാ ധാര്‍മികതയ്ക്ക് പ്രാധാന്യം നല്‍കുന്നത് അത്യന്തം അപകടകരമാണെന്നും അറ്റോര്‍ണി ജനറല്‍ പറയുന്നു. അതെങ്ങോട്ടാണ് നമ്മളെ നയിക്കുക എന്നകാര്യം വ്യക്തമല്ല.
അതു കൊണ്ട് ഭരണഘടനാ ധാര്‍മികത അതിന്റെ ജനനത്തോടെ തന്നെ മരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നുവെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാക്കുകള്‍. ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്കു നല്കുന്നത്, തങ്ങള്‍ക്കു മുൻപിലെത്തുന്ന വിഷയങ്ങളില്‍ പൂര്‍ണനീതി നല്കുന്നതിനുള്ള അധികാരമാണ്. എന്നാല്‍ ഒരുപരിധിയുമില്ലാതെ അധികാരം ചുരത്തുന്ന കാമധേനുവായാണ് അത്യുന്നതകോടതി ഈ വകുപ്പിനെ കാണുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില ജഡ്ജിമാര്‍ ഭരണഘടനാ ധാര്‍മികതയെ മുന്‍നിര്‍ത്തി ശബരിമലയിലെ സത്രീപ്രവേശനത്തെ അനുകൂലിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ അതേ ഭരണഘടനാ ധാര്‍മികതയെ തന്നെ മുന്‍നിര്‍ത്തി ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നു, ഇത് അപകടകരമാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഓരോ വ്യക്തിക്കും വിശ്വാസപരമായ അവകാശമുണ്ടെന്നും അതില്‍ മറ്റാര്‍ക്കും, കോടതിക്കുള്‍പ്പെടെ, ഇടപെടാനാവില്ലെന്നുമാണ് ഭരണഘടനാപരമായ ധാര്‍മികത ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയില്‍ പറയുന്നു.
വിശ്വാസപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല. അതേസമയം, മറ്റു ജഡ്ജിമാര്‍ അവരുടെ തീരുമാനത്തെ ഭരണഘടനാപരമായ ധാര്‍മികതിയിലൂന്നി സമത്വത്തിന്റെ പ്രശ്‌നമായി ന്യായീകരിക്കുന്നു. വ്യക്തിയുടെ വിഷയത്തിലാണ് ഇടപെടുന്നതെങ്കില്‍ ഇതുശരിയാണ്. എന്നാല്‍ ഒരു വലിയ വിഭാഗത്തിന്റെ വിഷയത്തിലാണു സുപ്രീംകോടതി ഇടപെടുന്നത്. ഭരണഘടനാ ധാര്‍മികതവെച്ച് യുവതികള്‍ക്കു പ്രവേശിക്കാമെന്ന് ഒരാള്‍ പറയുന്നു. മറ്റൊരാള്‍ പറ്റില്ലെന്നും. സുപ്രീംകോടതി ബെഞ്ച് വ്യത്യസ്തശബ്ദങ്ങളില്‍ സംസാരിച്ചാല്‍ അതൊരു അപകടകരമായ ആയുധമാകും.
നിങ്ങള്‍ക്കത് ഉപയോഗിക്കാനാവില്ല. ഉപയോഗിച്ചാല്‍ എവിടെച്ചെന്നവസാനിക്കുമെന്ന് ഉറപ്പില്ലാത്ത ഗുരുതരമായ മുറിവുണ്ടാക്കും. രാജ്യത്തെ ജനങ്ങള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലെന്ന് കോടതി കരുതരുത്. ജനങ്ങളെയെല്ലാം സാക്ഷരത ഇല്ലാത്തവരായും അവര്‍ക്കു വേണ്ടി ചിന്തിക്കാന്‍ കഴിവില്ലാത്തവരുമായാണോ നിങ്ങള്‍ കാണുന്നത്? സാക്ഷരത കുറവാണെങ്കില്‍ പോലും ഗ്രാമീണര്‍ക്കും മറ്റും അവര്‍ക്ക് നല്ലതെന്താണെന്നുള്ള തിരിച്ചറിവുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് ആണ് ഇത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
Post Your Comments