KeralaLatest News

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യ സൂത്രധാരന്‍ പിടിയിൽ

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ മുരളീധരനെ (55) അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവും ഒന്നാം പ്രതി അവിനാഷിന്റെ പിതാവുമാണ് കര്‍ണാടക ഭദ്രാവതി സ്വദേശി മുരളീധരന്‍. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന മുരളീധരനെ കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 30ന് രാത്രി 10 ന് മഞ്ഞിനിക്കരയിലെ വീട്ടില്‍ നിന്ന് ക്വട്ടേഷന്‍ സംഘം കൊല്ലിരേത്ത് സന്തോഷ് – ഷൈലജ ദമ്ബതികളുടെ മകനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവ ദിവസം മാതാപിതാക്കള്‍ ബംഗലൂരുവില്‍ ആയതിനാല്‍ മുത്തശിയും വിദ്യാര്‍ത്ഥിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ സംഭവത്തിന് ശേഷം പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ മുരളീധരന്‍ സംഘത്തെ രണ്ടായി തിരിച്ചു. കൂത്താട്ടുകുളത്ത് വച്ച്‌ വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അവിനാഷിനെ (25) പൊലീസ് പിടികൂടിയെങ്കിലും മുരളീധരന്‍ ബസില്‍ കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന പ്രേംദാസ്‌ (31), ചന്ദ്രശേഖര്‍ (24), ഹനീഫ (33), അലക്‌സ്‌ ജോണ്‍ (35) എന്നിവരെ പെരുമ്ബാവൂര്‍ പൊലീസ് അന്ന് രാത്രി തന്നെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു‌.

പത്തനംതിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ ജി.സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.രാജന്‍, സുനില്‍,ഡ്രൈവര്‍ രഘു എന്നിവരടങ്ങിയ സംഘമാണ് മുരളീധരനെ കര്‍ണാടകയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button