തിരുവനന്തപുരം : ട്രെയിനുകളിലെ ദീർഘയാത്രയിൽ യാത്രക്കാർ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാര്യമാണ് ജലക്ഷാമം. ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തത് ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
അഞ്ച് മിനിറ്റുകൊണ്ട് ഓരോ കമ്പാർട്ട്മെന്റിലെയും ടാങ്കുകൾ നിറയ്ക്കാവുന്ന സാങ്കേതിക സംവിധാനമുള്ള ‘ഓട്ടോമാറ്റിക് ക്വിക് വാട്ടറിങ് സിസ്റ്റം’ നടപ്പാക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. അടുത്ത വര്ഷം പദ്ധതി പൂർത്തിയാക്കുമെന്നും ബോർഡ് അംഗം രാജേഷ് അഗർവാൾ അറിയിച്ചു.
300 -400 കിലോമീറ്റർ ഇടവിട്ടുള്ള സ്റ്റേഷനുകളിലാണ് ജലം നിറയ്ക്കാൻ സൗകര്യമുള്ളത്. ടാങ്ക് നിറയ്ക്കാൻ വേണ്ടി വരിക 20 മിനിറ്റാണ്. ഓരോ സ്റ്റേഷനിലും 10 മിനിറ്റിൽ താഴെയാണ് ട്രെയിൻ നിർത്തിയിടുന്ന സമയം. ഈ സാഹചര്യത്തിലാണ് സാങ്കേതിക പരിഷ്കാരം.
400 കോടി ചിലവിൽ രാജ്യത്തെ 140 സ്റ്റേഷനുകളിലാണ് സംവിധാനം ഏർപ്പെടുന്നത്. ഇതിനായി വാൽവുകളും പ്രഷർ പാമ്പുകളും കൂടുതൽ മർദം താങ്ങാൻ ശേഷിയുള്ള പൈപ്പുകളും സ്ഥാപിക്കും. ടാങ്കുകളിലെ ജലവിതാനം കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാം. 5 മിനിറ്റിനുള്ളിൽ ട്രെയിനിലെ എല്ലാ കമ്പാർട്ട്മെന്റിലെയും ടാങ്കുകളിൽ ഒരേസമയം 1000 ലിറ്റർ വീതം നിറയ്ക്കാം.
Post Your Comments