തിരുവനന്തപുരം; ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകീട്ട് ആറിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്തി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായെത്തുന്നത് ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്തയാണ്. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. പ്രളയ ദുരിതാശ്വാസത്തിനായി ഡെലിഗേറ്റ് പാസുകള്‍ക്ക് 2,000 രൂപയാണ് ഇത്തവണ ഈടാക്കുന്നത്.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് മേയര്‍ വി.കെ പ്രശാന്തിന് നല്‍കി പ്രകാശിപ്പിക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം കെ മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
അതിജീവനത്തിന്റെ സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറാന്‍ പ്രചോദനമാകുന്ന ആറു ചിത്രങ്ങളടങ്ങിയ ദ ഹ്യൂമണ്‍ സ്പിരിറ്റ് ; ഫിലിംസ് ഓണ്‍ ഹോപ് ആന്റ് റീ ബില്‍ഡിങ്ങ് ഉള്‍പ്പെടെ 11 വിഭാഗങ്ങളാണ് മേളയിലുള്ളത്. ലോകസിനിമാ വിഭാഗത്തിലെ 92 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ ‘പോയ്സണസ് റോസസ്’, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ ‘വിഡോ ഓഫ് സൈലന്‍സ്’ എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ് പെഴ്സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 11 വരെ തൊട്ടടുത്ത ദിവസത്തെ മേളകള്‍ റിസര്‍വ് ചെയ്യാം. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ https://registration.iffk.in/- ല്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയില്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്‌തോ സിഡിറ്റ് പുറത്തിറക്കിയ iffk2018 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസര്‍വ് ചെയ്യാം. മൊബൈന്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ദിവസവും മൂന്ന് സിനിമകാളാണ് ഒരാള്‍ക്ക് പരമാവധി റിസര്‍വ് ചെയ്യാന്‍ കഴിയുക. ക്യൂ ഒഴിവാക്കുന്നതിന് ഇത്തവണ കൂപ്പണ്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളുടെ കൂപ്പണ്‍ പ്രദര്‍ശനത്തിന് രണ്ടുമണിക്കൂര്‍ മുന്‍പ് തിയേറ്ററുകളിലെ കൗണ്ടറില്‍ ലഭ്യമാകും. 13വരെ നഗരങ്ങളിലെ പതിമൂന്ന് തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുക.
Post Your Comments