ഐഐഎസ്‍സി ക്യാംപസിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകനു ദാരുണാന്ത്യം

മൂന്ന് പേർക്ക് പരിക്കേറ്റു

ബംഗലുരു: ഐഐഎസ്‍സി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)ലെ ബെംഗളൂരു ക്യാംപസിൽ ഹൈപ്പർസോണിക് ആന്‍റ് ഷോക് വേവ് റിസർച്ച് സെന്‍ററിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകനു ദാരുണാന്ത്യം. മൈസുരു കൊല്ലേഗല സ്വദേശി മനോജ് കുമാർ (32) ആണ് മരിച്ചത്. ഗവേഷകവിദ്യാർഥികളായ കാർത്തിക്, നരേഷ്കുമാർ, അതുല്യ എന്നിവർക്ക് പരിക്കേറ്റു.

ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു അപകടം. സ്ഫോടനമുണ്ടായപ്പോൾ ഇരുപത് മീറ്റർ ദൂരത്തേയ്ക്ക് മനോജ് തെറിച്ചു വീണെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ബംഗലുരു എംഎസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഐഐഎസ്‍സിയിൽ മനോജ് കുമാറിനൊപ്പം ഇന്‍റേൺഷിപ്പിനെത്തിയ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ബംഗലുരുവിലെ സൂപ്പർ വേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഐഐഎസ്‍സിയിൽ ഇന്‍റേൺഷിപ്പിനായി എത്തിയത്.

Share
Leave a Comment