തിരുവനന്തപുരം•ക്രിസ്തുമസും പുതുവത്സരവും ലക്ഷ്യമാക്കി ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമ നിറങ്ങളും മറ്റ് രാസവസ്തുക്കളും ചേര്‍ത്ത് ആരോഗ്യത്തിന് ഹാനികരമാകുന്ന കേക്കും മധുര പലഹാരങ്ങളും വില്‍പന നടത്തുന്നത് തടയുന്നതിനായും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മുന്‍വര്‍ഷത്തെ തുടര്‍ച്ചയായുള്ള പരിശോധനകളില്‍ ഗുണപരമായ മാറ്റം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഇതനുസരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ ചുമതലപ്പെടുത്തി ഉത്തരവായി. പിഴ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്, വൈന്‍ നിര്‍മ്മാണ യൂണിറ്റുകള്‍, ഹോംമെയ്ഡ് കേക്കുകള്‍, മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഉറപ്പും ലക്ഷ്യമാക്കിയുള്ള പരിശോധനകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്‌പെഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദിനംപ്രതി റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ (എന്‍ഫോഴ്‌സ്‌മെന്റ്) പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം കുപ്പിവെള്ള സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയ, ഫംഗസ്, പൂപ്പല്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇക്കാര്യത്തില്‍ പൊതു ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ ഇ-മെയില്‍ വിലാസത്തിലേക്കോ (foodsafetykerala@gmail.com), ടോള്‍ ഫ്രീ നമ്പരിലേക്കോ (1800 425 1125) ഭക്ഷ്യ സുരക്ഷ ജോയിന്റ് കമ്മീഷണറുടെ (എന്‍ഫോഴ്‌സ്‌മെന്‍) നമ്പരിലേക്കോ (8943341130) അറിയിക്കാവുന്നതാണ്.
Post Your Comments