തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തൃശൂർ വരന്തരപ്പിള്ളി റിംഗ് റോഡില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള എടിഎം മെഷീന് കുത്തിതുറക്കാനാണ് ശ്രമം നടന്നത്.
പ്രതികൾ എടിഎം സെന്ററിലെ രണ്ട് ക്യാമറകൾ തകർത്തുവെങ്കിലും ഇവരുടെ ദൃശ്യം പോലീസിന് ലഭിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബസുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ രാത്രിയാണ് കവര്‍ച്ചശ്രമം നടന്നിരിക്കുന്നത്. രണ്ടുപേരാണ് കവർച്ചയ്ക്ക് പിന്നിൽ. ഇരുവരും മുണ്ട് ഉപയോഗിച്ച് മുഖം മറച്ചാണ് മോഷണശ്രമം നടത്തിയത്.
സെന്ററിന്റെ അകത്തുള്ള കാമറ തകര്‍ത്തതിനുശേഷം മെഷീന്റെ അടിഭാഗത്ത് പണം നിറച്ചേ ട്രേയുടെ ലോക്ക് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ മുബൈയിലെ എസ്ബിഐ ബാങ്കിന്റെ സ്വിച്ച് സെന്ററിലേക്ക് മെസേജ് എത്തുകയായിരുന്നു. ഉടനെ ബാങ്കിന്റെ തൃശൂര്‍ ഓഫീസിലേക്ക് വിവരം കൈമാറി. രാത്രി പതിനൊന്ന് മണിയോടെ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടിരുന്നു.
കവര്‍ച്ചക്കിടെ എടിഎം സെന്ററിലെ അലാം മുഴങ്ങിയതാവാം ഇവര്‍ രക്ഷപ്പെടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. പ്രഫഷണല്‍ കവര്‍ച്ചക്കാരല്ല ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഉൗര്‍ജിതമാക്കി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്.
Post Your Comments