കോട്ടയം : കേരളത്തിലെ പശ്ചിമഘട്ടത്തിൽനിന്ന് 19 അപൂർവ്വ ഇനം വിഷ ചിലന്തികളെ കണ്ടെത്തിയതായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ പഠന സംഘം. ചെറു തവളയോളം വലിപ്പവും രോമാവൃതവുമായ ഉടലുമുള്ള ഇവ 10 മുതൽ 20 വർഷം വരെ ജീവിക്കും. മറ്റു ചിലന്തികൾ അപേക്ഷിച്ച കൂടുതൽ വിഷമുള്ള ഇവ കടിച്ചാൽ കഠിന വേദനയുണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ .സുനിൽ ജോസ് പറഞ്ഞു.
പശ്ചിമഘട്ടത്തിൽനിന്ന് ഇവയെ അനധികൃതമായി ശേഖരിച്ച് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. പോസിലോതെരിയ, ഹാപ്ലോക്ലാസ്റ്റസ് ജനുസ്സിൽപ്പെട്ട ഇവയ്ക്ക് 275 അമേരിക്കൻ ഡോളർവരെ വിലയുണ്ട്.
അണ്ണാൻഡാലിയല്ല, പോസിലോതെരിയ ജനുസിൽനിന്ന് നാലും ഹാപ്ലോക്ലാസ്റ്റസ്, സഹിഡ്രോഅരണിയസ ജനുസ്സുകളിൽനിന്ന് മൂന്നും നിയോഹെറ്റെറോഫ്രിക്ട്‌സ്, ത്രിഗമോപോയൂസ് ജനുസ്സിൽനിന്ന് രണ്ടും ചിലോബ്രാച്ചൈസ് ജനുസ്സിൽനിന്ന് ഒന്നുമാണ് കണ്ടെത്തിയത്.
രണ്ടുപുതിയ ഇനം ചിലന്തികളെയും സംഘം കണ്ടെത്തി. ചിമ്മിനി വന്യജീവി സങ്കേതത്തിൽനിന്ന് ശേഖരിച്ച സഹിഡ്രോഅരണിയസ സെബസ്റ്റിയാനി, ഹാപ്ലോക്ലാസ്റ്റസ് എന്നിവയാണ് ഇവ. സഹിഡ്രോഅരണിയസ സെബസ്റ്റിയാനി ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളിലാണ് കാണുന്നത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, അച്ചൻകോവിൽ ഭാഗങ്ങളിൽ കണ്ടെത്തിയ ഹാപ്ലോക്ലാസ്റ്റസ് ദേവമാതാ തിളങ്ങുന്ന നീലയും പിങ്കും നിറത്തിലുള്ള രോമങ്ങളുള്ള ചിലന്തികളിൽ ഒന്നാണ്. ദേവമാതാ കോളേജിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
Post Your Comments