ലക്നൗ : പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് പോയ യുവതിയെ പ്രതികൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ സിതാപൂരിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പരാതി നൽകാൻ രണ്ടാമത്തെ തവണയാണ് യുവതി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. സംഭവത്തിൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താമ്പൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഒാം പ്രകാശ് സരോജിനേയും ഹെഡ് കോൺസ്റ്റബിൾ ചെഡിലാലിനേയും ഡിജിപി ഒപി സിംഗ് സസ്പെൻഡ് ചെയ്തു.
നവംബർ 29ന് ഭർതൃവീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ സഹോദരങ്ങളായ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്നും ഒാടി രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെ താമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ പോലീസുകാർ പരാതി സ്വീകരിച്ചില്ല. തുടർന്ന് നവംബർ 30ന് വീട്ടുകാർ ഉത്തർപ്രദേശ് പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ച പ്രകാരം പോലീസെത്തുകയും താമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഡിസംബർ ഒന്നിന് പരാതി നൽകാൻ മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതികൾ തീകൊളുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കേസിൽ സഹോദരങ്ങളായ രാജേഷ്, രാമു എന്നിവർക്കെതിരെ ലൈംഗിക പീഡനം, കൊലപാതക ശ്രമം എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
Post Your Comments