പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയത്. രഹ്നയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി നിഷേധിച്ചിരുന്നു. കേസ് ചുമത്തപ്പെട്ട വ്യക്തിയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ച കോടതി 2 മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിനുളള അനുവാദം നല്‍കിയിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകുന്നതിനായി പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത് . മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപിയായിരുന്നു കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നത്.
പരാതിയെത്തുടര്‍ന്ന് പത്തനംതിട്ട ടൗണ്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ 27നായിരുന്നു രഹ്ന ഫാത്തിമ റിമാന്‍ഡിലായത്. കേസിനെത്തുടര്‍ന്ന് ബിഎസ് എന്‍ എല്‍ രഹ്നയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
Post Your Comments