കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. ആരോപണത്തെ തുടര്‍ന്ന് അഫ്ഗന്‍ ഫുഡ്‌ബോള്‍ ഫെഡറേഷനെതിരെ അന്വേഷണം ആരംഭിച്ചതായി ഫിഫ അറിയിച്ചു. സംഭവം വിവാദമയതോടെ ഫെഡറേഷനുമായുള്ള കരാറില്‍ നിന്ന് പ്രമുഖ സ്‌പോണ്‍സര്‍മാര്‍ പിന്‍മാറി. ഫെഡറേഷന്‍ പ്രസിഡന്റ് കെറമുദ്ദീന്‍ കരീം അടക്കമുള്ളവര്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്.
രണ്ട് വര്‍ഷം മുമ്പ് നാട് വിട്ടുപോയി ഡെന്‍മാര്‍ക്കില്‍ അഭയം തേടിയ ഫെഡറേഷന്റെ വനിതാ മേധാവിയായിരുന്ന ഖലീദ പൊപ്പല്‍ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഫെഡറേഷന്റെ ആസ്ഥാനത്തുവെച്ചും ജോര്‍ദാനിലെ പരിശീലന കേന്ദ്രത്തില്‍ വെച്ചുമാണ് പീഡനം നടന്നതെന്നുമാണ് ആരോപണം. ഫെബ്രുവരിയില്‍ ജോര്‍ദാനില്‍ നടന്ന ക്യാമ്പിലേക്ക് മേല്‍നോട്ടങ്ങള്‍ക്കെന്ന് പറഞ്ഞ് രണ്ട് പുരുഷന്‍മാരെ ഫെഡറേഷന്‍ അയച്ചിരുന്നു. ഇവര്‍ താരങ്ങളോട് വളരെ മോശമായി പെരുമാറി. അഫ്ഗാന്‍ പെണ്‍കുട്ടികളാണ് കൂട്ടത്തില്‍ ഏറെ പീഡിപ്പിക്കപ്പെട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് ഞാന്‍ രണ്ട് പേരോടും പറഞ്ഞു. എന്നാല്‍ ഇവര്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പെണ്‍കുട്ടികളുടെ മുറിയില്‍ പോയി കിടക്കുകയും തങ്ങള്‍ക്ക് വഴങ്ങിയാല്‍ ടീമില്‍ ഉള്‍പ്പെടുത്താമെന്നും കൂടുതല്‍ പണം നല്‍കാമെന്നും പറഞ്ഞതായി പെണ്‍കുട്ടികള്‍ തന്നോട് പരാതി പറഞ്ഞു. ഈ വിവരങ്ങളെല്ലാം താന്‍ ഫെഡറേഷനെ അറിയിച്ചു. ടീം തിരിച്ചെത്തിയാല്‍ ഉടന്‍ നടപടി എടുക്കാമെന്ന് പറഞ്ഞ അധികൃതര്‍ പിന്നീട് ചെയ്തത് പരാതിക്കാരായ പെണ്‍കുട്ടികളെ പ്രതികളാക്കുകയും ഇവര്‍ സ്വവര്‍ഗാനുരാഗികളാണെന്നു പ്രചരിപ്പിക്കുകയുമായിരുന്നു. എല്ലാ പീഡനങ്ങള്‍ക്കും പിന്നില്‍ പ്രസിഡന്റ് തന്നെയാണ് മുന്നില്‍ എന്നും അയാളുടെ കയ്യില്‍ പെട്ടാല്‍ പെണ്‍കുട്ടികള്‍ നശിച്ചതു തന്നെ എന്നും ഖലീദ പൊപ്പാല്‍ പറയുന്നു.
Post Your Comments