വര്‍ണവിവേചനത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ആകര്‍ഷിച്ച മെക്സിക്കന്‍ ചിത്രം റോമ രാജ്യാന്തര ചലച്ചിത്രമേളയില്‍. ലോകസിനിമാ വിഭാഗത്തില്‍ ഡിസംബര്‍ 10 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മെക്സിക്കോയിലെ താഴ്ന്ന വര്‍ഗ്ഗക്കാരിയുടെ വാത്സല്യം നുകര്‍ന്ന് വളരുന്ന വെളുത്ത വര്‍ഗ്ഗക്കാരനായ കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
ജീവിത ഗന്ധിയായ അനേകം മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ റോമ തന്റെ പോറ്റമ്മയ്ക്കുള്ള ഉപഹാരമായാണ് സംവിധായകനായ അല്‍ഫോന്‍സോ കുവറോണ്‍ സമര്‍പ്പിക്കുന്നത്. 1970 കളിലെ മെക്സിക്കന്‍ ഗ്രാമീണ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് ചിത്രം. വെനീസ് ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം റോമ നേടിയിരുന്നു. ഗോത്രവര്‍ഗ്ഗക്കാരിയായ നായികയെ അവതരിപ്പിച്ച പുതുമുഖമായ എലിറ്റ്സ അപരിഷ്യോയുടെ പ്രകടനം വിവിധ ചലച്ചിത്രമേളകളില്‍ ഇതിനകം പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.
2014 ല്‍ മികച്ച സംവിധായകന് ഉള്‍പ്പെടെ ഏഴ് ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ ഗ്രാവിറ്റി, ഹാരി പോട്ടര്‍ പരമ്പരയിലെ ഹാരി പോട്ടര്‍ ആന്‍ഡ് ദ പ്രിന്‍സസ് ഓഫ് അസ്കബാന്‍, ചില്‍ഡ്രന്‍ ഓഫ് മെന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ കുവറോണിന്റെ മാസ്റ്റര്‍പീസ് ചിത്രമായാണ് നിരൂപകര്‍ റോമയെ വിശേഷിപ്പിക്കുന്നത്.
Post Your Comments