തിരുവനന്തപുരം•എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്ത് തന്നെയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് വ്യക്തമാക്കി. സർവകലാശാലയുടെ ആസ്ഥാനം മലപ്പുറത്തേക്ക് കൊണ്ടുപോകാൻ നീക്കമുണ്ടെന്ന വാർത്തകൾ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സെക്രട്ടറി പറഞ്ഞു.
സാങ്കേതിക സർവകലാശാലയുടെ നിയമത്തിന്റെ ക്ലോസ് 3(6) പ്രകാരം ആസ്ഥാനം തിരുവനന്തപുരത്താണ് എന്ന് എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ സാധിക്കില്ല.
പ്രിൻസിപ്പൽ സെക്രട്ടറിയും സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറുമായ ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷത വഹിച്ച നവംബർ 24 ലെ ബോർഡ് യോഗത്തിൽ അലിഗഡ് സർവകലാശാലയുടെ കാമ്പസിനുവേണ്ടി ഏറ്റെടുത്ത ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുവെന്ന് ബോർഡ് അംഗമായ ഇബ്രാഹിം ഹാജി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മനസിലാക്കുന്നതിന് സെക്രട്ടറി ഫയലിൽ എഴുതിയതിനാൽ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാ കളക്ടർക്ക് കത്തയച്ചിരുന്നു. സാങ്കേതിക സർവകലാശാലയുടെ യോഗത്തിൽ ഉന്നയിച്ച കാര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാനായതിനാൽ രജിസ്ട്രാർക്കും ഈ കത്തയച്ചിരുന്നു. കത്തിൽ സർവകലാശാലയുടെ ആസ്ഥാനത്തിനാണ് സ്ഥലം എന്ന് എഴുതിയിരുന്നില്ല, കത്ത് സെക്രട്ടറി ഒപ്പിട്ടിരുന്നുമില്ല.
തിരുവനന്തപുരത്ത് സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനത്തിനായി 100 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അത് ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വാർത്തകൾ നിരുത്തരവാദപരമാണെന്ന് സെക്രട്ടറി അറിയിച്ചു.
Post Your Comments