ജനങ്ങളെ ഭീതിയിലാഴ്ത്തി ഭൂമിക്കടിയില്‍ നിന്നും മുഴക്കം. നേരത്തേ എല്ലാവരേയും ഭീതിയിലാഴ്ത്തി ആ അജ്ഞാത ശബ്ദം ആറു മാസം മുന്‍പ് ഉണ്ടായിരുന്നു. അന്നു ഭൂമിക്കടിയില്‍ നിന്നു വന്ന ശബ്ദത്തിന്റെ ഉറവിടം എവിടെയായിരുന്നെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. അപ്പോഴാണ് വീണ്ടും ഗവേഷകരെ ഞെട്ടിച്ചു കൊണ്ട് വീണ്ടും അജ്ഞാത ശബ്ദത്തിന്റെ വരവ്. ശബ്ദമെന്നു കൃത്യമായി പറയാനാകില്ല, മറിച്ച് തരംഗമായിട്ടായിരുന്നു അതിന്റെ വരവ്. ലോകമെമ്പാടും ഭൂകമ്പം അളക്കാന്‍ വച്ചിരിക്കുന്ന ഉപകരണങ്ങളിലെല്ലാം അതിന്റെ അലയൊലികളെത്തി. ഇക്കഴിഞ്ഞ നവംബര്‍ 11നായിരുന്നു സംഭവം. സീസ്മിക് തരംഗങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിന്റെ തീവ്രത അനുസരിച്ചാണ് ഭൂകമ്പങ്ങളും എത്രമാത്രം ശക്തമാണെന്നു കണക്കുകൂട്ടുന്നത്.
ഫ്രഞ്ച് ദ്വീപായ മെയാട്ടീയ്ക്കു സമീപത്തു നിന്നാണു ഭൂമിക്കടിയില്‍ തരംഗങ്ങള്‍ രൂപപ്പെട്ടതെന്നാണു പറയപ്പെടുന്നത്. മഡഗാസ്‌കറിനും ആഫ്രിക്കയ്ക്കും ഇടയിലുള്ള ദ്വീപാണിത്. ഫ്രഞ്ചു സര്‍ക്കാരാണു ഭരണം. കൊമൊറോസ് ദ്വീപും മെയാട്ടീക്കു മേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മെയാട്ടീക്കു സമീപം രൂപപ്പെട്ട് സാംബിയ, കെനിയ എന്നിവിടങ്ങള്‍ വഴി കാനഡ, ചിലെ, ന്യൂസീലന്‍ഡ്, ഹവായ് എന്നിവിടങ്ങളിലേക്കും ഈ തരംഗങ്ങളെത്തി. ഏകദേശം 20 മിനുറ്റോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ തരംഗം സാന്നിധ്യം അറിയിച്ചു. എന്നാല്‍ ഒരാള്‍ക്കു പോലും അക്കാര്യം മനസ്സിലായില്ല. അത്രയേറെ ചെറുതായിരുന്നു തരംഗത്തിന്റെ തീവ്രത. അതേസമയം ഭൂകമ്പം അളക്കാന്‍ വച്ചിരിക്കുന്ന സീസ്‌മോഗ്രാമുകളില്‍ അക്കാര്യം വ്യക്തമായിത്തന്നെ പതിഞ്ഞു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ സീസ്‌മോഗ്രാമിലായിരുന്നു ഏറ്റവും കൃത്യമായി, എപ്പോഴൊക്കെ, എവിടെയൊക്കെ ഈ തരംഗങ്ങളുണ്ടായി എന്ന വിവരം പതിഞ്ഞത്.
വളരെ പതുക്കെയായിരുന്നു ഈ തംരഗങ്ങളുടെ സഞ്ചാരം. ഫ്രീക്വന്‍സിയും വളരെ കുറവ്. ഓരോ 17 സെക്കന്‍ഡിലും ചെറുതായൊന്ന് ഫ്രീക്വന്‍സി കൂടും വിധമായിരുന്നു തരംഗയാത്ര. പക്ഷേ അപ്പോഴും ഗവേഷകര്‍ ഒരു കാര്യം മാത്രമറിയാതെ കുഴങ്ങിപ്പോയി- എവിടെ നിന്നാണ് ഇതു വന്നത്? പല തിയറികളാണ് ഉത്തരമായുള്ളത്. മെയാട്ടീ തീരക്കു നിന്ന് മാറി ഒരു അഗ്‌നിപര്‍വതത്തിന് അകത്തു നിന്നായിരുന്നു തരംഗത്തിന്റെ വരവെന്നായിരുന്നു ഫ്രഞ്ച് ജിയോളജിക്കല്‍ സര്‍വേ(ബിആര്‍ജിഎം)യുടെ കണ്ടെത്തല്‍. ഈ സംഭവത്തെപ്പറ്റി ഔദ്യോഗികമായി അന്വേഷിക്കുകയാണ് ബിആര്‍ജിഎം ഇപ്പോള്‍. ഒരുപക്ഷേ ചെറുഭൂകമ്പത്തിന്റെ ഫലമായുണ്ടായതാകാം ഈ മുരള്‍ച്ച. അല്ലെങ്കില്‍ ഭൂഗര്‍ഭ ജലത്തിന്റെ ഒഴുക്കിലുണ്ടായ മാറ്റമാകാം!
മെയാട്ടീക്കു സമീപത്തെ ഒരു അഗ്‌നിപര്‍വതത്തിന് അകത്തുള്ള ലാവയുടെ അറ ശൂന്യമായിപ്പോയതാകാം തരംഗങ്ങളുണ്ടാകാന്‍ കാരണമെന്നു പറയുന്നവരുമുണ്ട്. പക്ഷേ അക്കാര്യം സ്ഥിരീകരിക്കാന്‍ ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഭൂമിക്കടിയിലെ ലാവ ഇതുവരെ പുറത്തുവരാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ച്. അഗ്‌നിപര്‍വത സ്‌ഫോടനവും ഭൂകമ്പവും കൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്. അതിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. 2018 മേയ് 10നായിരുന്നു ഇതിനു മുന്‍പു സമാന സംഭവമുണ്ടായത്. അന്നു യാതൊരു സൂചനയും നല്‍കാതെയായിരുന്നു ഭൂകമ്പം. അതുകൊണ്ടും തീര്‍ന്നില്ല, പ്രദേശത്തെ വിറപ്പിച്ചു കൊണ്ട് നൂറുകണക്കിനു ചെറുചലനങ്ങളും ഉണ്ടായി. അതിന്റെ തുടര്‍ച്ചയാണോ ഇപ്പോഴത്തേതെന്നും പരിശോധിക്കുന്നുണ്ട്.
Post Your Comments