ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതിക്കെതിരെ ശരണം വിളിച്ച സംഭവത്തിൽ മൂന്ന് അയ്യപ്പഭക്തര്‍ അറസ്റ്റില്‍. ചന്ദ്രാനന്ദന്‍ റോഡില്‍ ബെയ്‌ലി പാലത്തിന് സമീപത്ത് വെച്ചായിരുന്നു യുവതിയെ മറ്റു തീർത്ഥാടകർ തടഞ്ഞത്.ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിനിയായ നവോദയ എന്ന യുവതിയാണ് മലകയറാന്‍ കുടുംബത്തോടൊപ്പമെത്തിയത്. സന്നിധാനത്ത് യുവതി പ്രവേശനം അനുവദനീയമല്ലെന്ന ആചാരം അറിയാതെയാണ് എത്തിയതെന്ന യുവതി വിശദീകരിച്ചു.
വഴിയില്‍ പോലീസ് തങ്ങളോട് ഒന്നും പറഞ്ഞില്ലെന്നും യുവതി പറഞ്ഞു.കാഴ്ചയില്‍ 50 വയസിന് താഴെ മാത്രം പ്രായമുള്ള യുവതി എങ്ങനെയാണ് പമ്പയിലൂടെ കയറിപോയതെന്ന കാര്യത്തില്‍ പൊലീസ് കൃത്യമായ വിശദീകരണം നല്‍കുന്നില്ല. സന്നിധാനത്തേക്ക് കയറിപോകുന്ന തീര്‍ഥാടകരെ എല്ലാവരെയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി 1,800 പൊലീസുകാര്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയെങ്ങനെ മരക്കൂട്ടം വരെയെത്തിയെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല.
സന്നിധാനത്ത് എത്തുന്നതിന് മുമ്പ് ഇവരെ തിരിച്ചിറക്കുമ്പോള്‍ പ്രതിഷേധക്കാര്‍ ശരണം വിളികളോടെ പ്രതിഷേധിച്ചു. ഇവരെ ഇപ്പോള്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. യുവതി തനിക്ക് അന്‍പത് വയസ്സായിട്ടില്ല എന്നറിയിച്ചിട്ടും പോലിസ് മലകയറാന്‍ അനുമതി നല്‍കിയെന്നാണ് ഭക്തര്‍ ആരോപിക്കുന്നത്. കാര്യമായ സുരക്ഷ നല്‍കാതെ യുവതിയെ മലകയറാന്‍ അനുവദിക്കുകയായിരുന്നു. ഒരു വനിത പോലിസ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഭക്തരുടെ എതിര്‍പ്പ് മറികടന്ന് യുവതിയെ ശബരിമലയില്‍ എത്തിക്കാനുള്ള രഹസ്യനീക്കമാണ് പോലിസ് നടത്തിയതെന്നാണ് ഭക്തർ ആരോപിക്കുന്നത്.
Post Your Comments