KeralaLatest News

രഹ്ന ഫാത്തിമയ്ക്ക് ഇന്ന് നിര്‍ണായകം; മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. 295 എ വകുപ്പാണ് രഹ്നയ്ക്ക് മേലെ ചുമത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് ഇവരെ റിമാന്‍ഡ് ചെയ്തു. രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാഘാകൃഷ്ണ മേനോനനാണ് പരാതി നല്‍കിയത്. രഹ്നയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പോലീസ് തള്ളിയിരുന്നു.

കേസ് രേഖപ്പെടുത്തിയതോടെ രഹ്ന ജോലി ചെയ്തിരുന്ന ബി എസ് എന്‍ എല്‍ ഓഫീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയണിഞ്ഞ് ശരീരഭാഗങ്ങള്‍ കാണുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

അറസ്റ്റിനു ശേഷവും ഇതിനെ ന്യായീകരിച്ചാണ് രെഹ്ന ഫാത്തിമ പ്രതികരിച്ചത്. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ്ന ചോദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഫേസ്ബുക്കിലിട്ട കമന്റും പത്താം തീയതി രഹ്നയുടെ തന്നെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും എഴുത്തുകളുമാണ് കേസിന് ആസ്പദമായത്. ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് ഭര്‍ത്താവിന്റെ അറിവോടെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ആവശ്യമെങ്കില്‍ ഭര്‍ത്താവിനേയും കേസില്‍ പ്രതിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button