സുഖമില്ലാതിരുന്നപ്പോൾ ഗ്ലൂക്കോസ് മൂലം ഭര്‍ത്താവ് എയ്ഡ്സ് പരത്തിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഹോമിയോപ്പതി ഡോക്ടറായ ഭർത്താവിനെതിരെ പൂനെ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകി. വിവാഹ മോചനത്തിനായാണ് ഭർത്താവ് ഈ കൊടും ക്രൂരത ചെയ്തതെന്നാണ് റിപ്പോർട്ട്. 2015ലാണ് ഇരുവരും വിവാഹിതരായത്.
അന്നുമുതൽ ഭർത്താവിന്റെ മാതാപിതാക്കൾ യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുവതിക്ക് മറ്റെന്തോ അസുഖം ബാധിച്ചു. ആ സമയം ഭർത്താവായ ഡോക്ടർ വീട്ടിൽവെച്ച് മരുന്നിനൊപ്പം എയ്ഡ്സ് രോഗാണുക്കൾ കലർന്ന ഗ്ലൂക്കോസ് ഡ്രിപ് ഇട്ടതായാണ് യുവതി പറയുന്നത്. തുടർന്ന് ഈ ഫെബ്രുവരിയിൽ യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും തുടർന്നുള്ള പരിശോധനയിൽ ഇവർക്ക് എച്ച് ഐ വി ബാധിച്ചതായും കണ്ടെത്തി.
ഇതോടെ വിവാഹമോചനം വേണമെന്ന നിലപാടിലാണ് ഭർത്താവ്. എന്നാൽ എല്ലാം ചെയ്തത് ഭർത്താവാണെന്ന് ഭാര്യ ആരോപിക്കുന്നു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഇരുവർക്കും എച് ഐ വി സ്ഥിരീകരിച്ചെങ്കിലും തുടർന്ന് സർക്കാർ നേതൃത്വത്തിലുള്ള ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരിശോധനിയിൽ ഭാര്യയിൽ മാത്രമെ എച്ച്ഐവി സ്ഥിരീകരിച്ചിട്ടുള്ളു എന്നാണു പോലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ പരിശോധനകളും അന്വേഷണവും നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments