KeralaLatest News

കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നിച്ചുനിന്ന് നേടിയെടുക്കണമെന്ന് മുഖ്യമന്ത്രി: വ്യോമരക്ഷാപ്രവർത്തന ഫീസ്, അരി വില ഒഴിവാക്കണമെന്ന് പ്രമേയം

തിരുവനന്തപുരം•പ്രളയ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നിച്ചു നിന്ന് നേടിയെടുക്കാൻ എം.പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരും പാർലമെന്റ് അംഗങ്ങളുമായുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കണമെന്നും വ്യോമരക്ഷാ പ്രവർത്തനത്തിന് ആവശ്യപ്പെട്ട ഫീസ് ഒഴിവാക്കണമെന്നും എം.പിമാരായ പി. കരുണാകരനും എം. ബി. രാജേഷും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രളയത്തെ നേരിടുന്നതിന് സ്തുത്യർഹമായ പ്രവർത്തനം നടത്തിയ മുഖ്യമന്ത്രിയെയും സർക്കാരിനയും പ്രമേയം അഭിനന്ദിച്ചു. ദുരന്ത വേളയിൽ കേന്ദ്രം നൽകിയ അരിക്ക് 223.87 കോടി രൂപ ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയും കേരള ജനതയോടുള്ള ദയാരഹിത നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എം.പിമാരായ ബിനോയ് വിശ്വവും എം. പി വീരേന്ദ്രകുമാറും പ്രമേയം അവതരിപ്പിച്ചു. ഇരു പ്രമേയങ്ങളും ഒന്നായി നൽകാമെന്ന്് മുഖ്യമന്ത്രി അറിയിച്ചു.

പ്രളയം ബാധിച്ച കേരളത്തിന്റെ പുനസ്ഥാപനത്തിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടൽ ആവശ്യമാണ്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 2500 കോടി രൂപ നൽകുമെന്ന പത്രവാർത്തകൾ ശ്രദ്ധയിൽപെട്ടു. സഹായധനം വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം പത്ത് ശതമാനം വർദ്ധിപ്പിക്കുക, വായ്പാപരിധി മൊത്തം ആഭ്യന്തര ഉത്പന്നത്തിന്റെ 4.5 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കണം. ജി. എസ്. ടി സെസ് ഏർപ്പെടുത്താൻ നടപടിയായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്ത പ്രതികരണ സേനാകേന്ദ്രം കേരളത്തിൽ ആരംഭിക്കണം. ഇതിന് എം. പിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. പ്രളയവുമായി ബന്ധപ്പെട്ട പുനസ്ഥാപന പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തി തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 150 ദിവസം വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസംഘം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിന്റെ വിജ്ഞാപനം വന്നിട്ടില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടു വച്ച പാക്കേജിൽ നടപടിയുണ്ടായിട്ടില്ല. പ്രളയ സഹായം ആവശ്യപ്പെടുമ്പോൾ ഇക്കാര്യം എം. പിമാരുടെ മനസിലുണ്ടാവണം. മാനദണ്ഡപ്രകാരം ലഭിക്കുന്ന തുക കൊണ്ട് പഴയത് പുനസ്ഥാപിക്കാൻ പോലും കഴിയില്ല. കേരളത്തിന്റെ പുനിർനിർമാണത്തിന് വലിയ തുക വരേണ്ടതായിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നയം മൂലം ചില വഴികൾ അടഞ്ഞു പോയതായി മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. പി. ജയരാജൻ, എ. കെ. ശശീന്ദ്രൻ, ഡോ. ടി. എം. തോമസ് ഐസക്ക്, എ. കെ. ബാലൻ, ജി. സുധാകരൻ, പി. തിലോത്തമൻ, ഡോ. കെ. ടി. ജലീൽ, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. കെ. ശൈലജ, എം. പിമാരായ എം. ബി. രാജേഷ്, ജോയ്‌സ് ജോർജ്, പി. കെ. ശ്രീമതി, ബിനോയ് വിശ്വം, പി. കരുണാകരൻ, എം. പി. വീരേന്ദ്രകുമാർ, കെ. സോമപ്രസാദ്, കെ. കെ. രാഗേഷ്, ഇ. ടി. മുഹമ്മദ് ബഷീർ, വി. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, പി. വി. അബ്ദുൾ വഹാബ്, ചീഫ് സെക്രട്ടറി ടോം ജോസ്, വകുപ്പ് സെക്രട്ടറിമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

കേന്ദ്രത്തോട് ഉന്നയിക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങൾ:

* ഗ്രാമീണ റോഡുകൾക്ക് 2000 കോടിയും കേന്ദ്ര റോഡ് നിധിയിൽ നിന്ന് 3000 കോടിയും.
* ലോകബാങ്ക്, എഡിബി വായ്പ ലഭ്യമാക്കണം. നബാർഡിൽ നിന്ന് 2500 കോടി രൂപ വായ്പ.
* റെയിൽവികസനം, ദേശീയപാത വികസനം, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവള വികസനം.
* എയിംസ് പദ്ധതി പ്രാവർത്തികമാക്കാനുള്ള നടപടി
* ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുക്കാൻ നടപടി
* എറണാകുളത്ത് ഫാക്ടിന്റെ സ്ഥലത്ത് പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കാൻ നടപടി
* വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനെ ജി. എസ്. ടിയിൽ നിന്ന് ഒഴിവാക്കുക
* അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമിക്ക് പാരിസ്ഥിതിക അനുമതി
* ബാംഗ്‌ളൂർ കൊച്ചി വ്യാവസായിക ഇടനാഴി
* ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾകേരളത്തിൽ സ്ഥാപിക്കണം. 168 എണ്ണത്തിന് സംസ്ഥാനം സ്ഥലം നൽകും.
* കേരളത്തിലെ സൈക്‌ളോൺ വാണിംഗ് സെന്ററിനെ ഏരിയ സൈക്ലോൺ വാണിംഗ് സെന്ററായി ഉയർത്തണം.
* എൻ.ഡി ആർ.എഫിന്റെ കേന്ദ്രം എറണാകുളത്ത് സ്ഥാപിക്കാൻ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button