ന്യൂഡല്‍ഹി: കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് സുപ്രീംകോടതിയിലേക്ക്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹര്‍ജി ഹൈക്കോടി നേരത്തെ തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് പതിനൊന്ന് ഹര്‍ജികള്‍ നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട് രേഖ എന്ന നിലയില്‍ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
Post Your Comments