റവ ഉപ്പുമാവു കഴിച്ച് മടുക്കുമ്പോള്‍ ഇടക്കു ഇതുപൊലെ നുറുക്ക് ഗോതമ്പ് ഉപ്പുമാവു ഉണ്ടാക്കാം. പ്രമെഹ രോഗിക്കള്‍ക്കും.ഡയറ്റിങ്ങ് നോക്കുന്നവര്‍ക്കും ഒക്കെ ഇത് വളരെ നല്ലതാണ്. സൂചി ഗോതമ്പില്‍ നിറയെ നാരുകള്‍ അടങ്ങിയിട്ടുണ്ട് . അത് കൊണ്ട് തന്നെ ഇത് പ്രമേഹ രോഗികള്‍ക്ക് ഉത്തമം. കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല കിടിലന്‍ സൂചി ഗോതമ്പ് ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ഗോതമ്പ് നുറുക്ക് – 1 1/2 കപ്പ്
സവാള – 1 ചെറുത് ( പൊടിയായി അരിഞ്ഞത് )
കാരറ്റ് – 1 വലുത് ( പൊടിയായി അരിഞ്ഞെടുക്കുക )
ബീന്‍സ് – 6-7 എണ്ണം ( ഖനം കുറച്ചു വട്ടത്തില്‍ അരിഞ്ഞെടുക്കുക )
ഗ്രീന്‍പീസ് – 1/4 കപ്പ്
തേങ്ങ ചിരകിയത് – 1 – 1 1/2 കപ്പ്
പച്ചമുളക് – എരുവിന് ആവശ്യമായത് വട്ടത്തില്‍ അരിഞ്ഞെടുക്കുക
ഇഞ്ചി – പൊടിയായി അരിഞ്ഞത് 1 ടീ സ്പൂണ്‍
കായം – 1/8 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീ സ്പൂണ്‍
കടുക് , ഉഴുന്ന് പരിപ്പ് , കടലപ്പരിപ്പ് , വറുത്ത നിലക്കടല
എണ്ണ – 3 സ്പൂണ്‍
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 1/2 കപ്പ്
തയാറാക്കുന്ന വിധം
ഗോതമ്പ് നുറുക്ക് നന്നായി കഴുകി വയ്ക്കുക. ചൂടായ നോണ്‍ സ്റ്റിക്ക് പാനില്‍ അല്പം എണ്ണ ഒഴിച്ച് കടുകും ഉഴുന്ന് പരിപ്പും കടലപ്പരിപ്പും ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ഞിയും പച്ചമുളകും ചേര്‍ത്ത് മൂപ്പിക്കുക. സവാള ചേര്‍ത്ത് 2-3 മിനിട്ട് വഴറ്റുക. ഇനി കറിവേപ്പില ഇട്ടു , പച്ചക്കറികള്‍ ഒന്നൊന്നായി ചേര്‍ത്ത് വഴറ്റുക. ഇതില്‍ കായവും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക
വെള്ളം ഇതിലേക്കൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. വെള്ളം തിളച്ചാല്‍ കഴുകി വച്ചിരിക്കുന്ന ഗോതമ്പ് നുറുക്ക് അതിലേക്കിട്ടു ഇളക്കി തീ കുറച്ചു വച്ച് , ഒരടപ്പ് കൊണ്ട് പാത്രം മൂടി വയ്ക്കുക. വെള്ളം വറ്റി പാകമായാല്‍ അതില്‍ തേങ്ങ ചിരകിയതും ചേര്‍ത്തിളക്കി തീ കെടുത്തുക. നിലക്കടല വറുത്തത് മുകളില്‍ വിതറി അലങ്കരിക്കാം
Post Your Comments