തിരുവനന്തപുരം: കോടതി ഉത്തരവ് അതേപടി അനുസരിക്കുമെന്ന് പറയുന്ന സർക്കാർ സാങ്കേതികവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ഉതകുന്ന സുപ്രീംകോടതിയുടെ ഉത്തരവ് രണ്ടരവര്‍ഷത്തിലേറെയായി പൂഴ്‌ത്തിവച്ചിരിക്കുന്നു. കേരള സമൂഹത്തിനും വിദ്യാഭ്യാസ മേഖലയുടെ ഭാവിക്കും ഏറ്റവും പ്രയോജനകരമായ ഉത്തരവ് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഇടത് സംഘടനയുടെ എതിര്‍പ്പ് കാരണം തടഞ്ഞു വച്ചിരിക്കുന്നത്.
സർക്കാർ എന്‍ജിനിയറിംഗ് കോളേജുകളിലെ 2008 മുതലുള്ള പ്രിന്‍സിപ്പല്‍, പ്രൊഫസര്‍, അസോ. പ്രൊഫസര്‍ തസ്തികകളിലെ സ്ഥാനക്കയറ്റത്തിന് പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് സുപ്രീംകോടതി നല്‍കിയ ഉത്തരവാണ് നടപ്പാക്കാത്തത്. 2010 മാര്‍ച്ച് 5ന് മുന്‍പ് പ്രൊഫസര്‍, അസോ. പ്രൊഫസറായവര്‍ക്ക് ആ തസ്തികകളില്‍ തുടരാമെന്നും 1990 മാര്‍ച്ച് 27ന് മുന്‍പ് ലക്ചററായി കയറിയവര്‍ക്കും പ്രൊഫസര്‍ തസ്തികയിലേക്ക് വിജ്ഞാപനമിറക്കിയപ്പോള്‍ 45 വയസ് തികഞ്ഞവര്‍ക്കും പിഎച്ച്.ഡി യോഗ്യതയില്‍ ഇളവ് നല്‍കാമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്.
പിഎച്ച്.ഡിയില്ലാത്ത അസോ. പ്രൊഫസര്‍മാര്‍ സര്‍വീസിലെത്തിയ തീയതി മുതല്‍ 7 വര്‍ഷത്തിനകം പിഎച്ച്.ഡി നേടിയാല്‍ മതിയെന്നും ഇതിനകം സ്ഥാനക്കയറ്റം ലഭിച്ചവരെ പിഎച്ച്.ഡി ഇല്ലാത്തതിന്റെ പേരില്‍ തരംതാഴ്‌ത്തരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇൗ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരുടെ ശമ്പളവര്‍ദ്ധന തടയാമെന്നും സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ ഇതു പാലിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല.
സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി സ്ഥാനക്കയറ്റ ഉത്തരവിറക്കാനുള്ള മന്ത്രി കെ.ടി. ജലീലിന്റെ രേഖാമൂലമുള്ള നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാടൈറ്റസ് മുഖ്യമന്ത്രിയെ അറിയിച്ചു. 7 പ്രിന്‍സിപ്പല്‍, 9 പ്രൊഫസര്‍, 11 അസോ. പ്രൊഫസര്‍ എന്നിങ്ങനെ 27 അദ്ധ്യാപകരെ തരംതാഴ്‌ത്താനും 250 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുമാണ് മന്ത്രി ഫയലിലെഴുതിയത്.
നേരത്തേ സ്ഥാനക്കയറ്റം കിട്ടിയ ആരെയും തരംതാഴ്‌ത്തരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. 2010 മാര്‍ച്ചിനു മുന്‍പ് സ്ഥാനക്കയറ്റം നേടിയവര്‍ക്കുമാത്രം പിഎച്ച്.ഡി നേടാന്‍ സുപ്രീംകോടതി നല്‍കിയ 7 വര്‍ഷത്തെ ഇളവ് 2016 വരെയുള്ളവര്‍ക്ക് നല്‍കണമെന്നാണ് മന്ത്രി ഫയലില്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള അധികാരം മുഖ്യമന്ത്രിക്ക് മാത്രമാണെന്ന് നോട്ടെഴുതി, ഉഷാടൈറ്റസ്, ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി.
Post Your Comments