തൃശൂര്‍: പ്രസവ വേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് വെള്ളം മാത്രം. യുവതി ഗര്‍ഭിണിയായിരുന്നില്ല എന്ന് ആശുപത്രി അധികൃതര്‍. എന്നാല്‍ താന്‍ പ്രസവിച്ചു എന്ന് യുവതി അവകാശപ്പെട്ടതോടെ വെട്ടിലായത് ആശുപത്രി അധികൃതരാണ്. തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന് യുവതിയും വീട്ടുകാരും ആവശ്യപ്പെട്ടതോടെ രംഗം ശാന്തമാക്കാന്‍ പോലീസിന്റെ സഹായം വേണ്ടി വന്നു.
ഏങ്ങണ്ടിയൂര്‍ സ്വദേശിയായ യുവതി ഏങ്ങണ്ടിയൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രസവവേദനയുമായി എത്തുകയായിരുന്നു. എന്നാല്‍ സ്‌കാനിങ്ങില്‍ ഇവര്‍ക്ക് ഗര്‍ഭം ഉള്ളതായി കണ്ടെത്താനായില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രസവ വേദനയാണ് എന്നവകാശപ്പെട്ട് വയറു വേദനയുമായി എത്തിയ യുവതിയെ ഡോക്ടര്‍മാര്‍ ലേബര്‍ റൂമിലേക്ക് കയറ്റി. എന്നാല്‍ യുവതിയുടെ വയറ്റില്‍ നിന്നും വെള്ളം മാത്രമാണ് ലഭിച്ചതെന്നും യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയായിരുന്നു എന്നും തങ്ങള്‍ക്ക് കുട്ടിയെ നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും ബഹളം വെക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥലത്ത് പോലീസ് എത്തിയത്.
പോലിസെത്തി കൂടുതല്‍ പരിശോധനകള്‍ക്കായി യുവതിയെ തൃത്തല്ലൂരിലെ കമ്മ്യൂണിറ്റി സെന്ററിലേക്ക് പറഞ്ഞു വിട്ടു. എന്നാല്‍ ഇവിടത്തെ പ്രാഥമിക പരിശോധനയില്‍ യുവതിക്ക് പ്രസവത്തിന്റെതായ ലക്ഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് പരിശോധനകള്‍ക്കായി വീണ്ടും യുവതിയെ ബന്ധുക്കള്‍ക്കൊപ്പം മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ് പോലീസ്.
Post Your Comments