കൊച്ചി: വൻ പോലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിക്കേസിൽ എന്തുകൊണ്ടാണ് വിധി നടപ്പാക്കാത്തതെന്ന ചോദ്യവുമായി ഹൈക്കോടതി. ശബരിമലയിലെ സർക്കാർ ഇടപെടൽ പരോക്ഷമായി സൂചിപ്പിച്ചാണ് കോടതിയുടെ വിമർശനം.
സുപ്രീംകോടതിവിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെങ്കിലും ചില പ്രത്യേക സാഹചര്യത്തിലാണ് സർക്കാരും പോലീസും ഒന്നും ചെയ്യാതിരിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറൽ വാദിക്കുകയുണ്ടായി. സുപ്രീംകോടതി വിധിയുണ്ടായിട്ടും പോലീസും സർക്കാരും ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് പറയുന്നത് എന്ത് നിയമാധികാരത്തിലാണെന്നും സുപ്രീംകോടതിയുടെ നിലപാട് സംശയലേശമെന്യേ വ്യക്തമാണെങ്കിൽ അധികാരികൾക്ക് ഒത്തുതീർപ്പ് എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിക്കുകയുണ്ടായി. വൻതോതിൽ പോലീസിനെ വിന്യസിച്ച് മറ്റുചില കേസുകളിൽ ഉത്തരവ് നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. നിരോധനാജ്ഞവരെ പ്രഖ്യാപിച്ചു. 200-400 പേർ മാത്രം ഉൾപ്പെട്ട കാര്യത്തിൽ കോടതി ഉത്തരവ് പാലിക്കുന്നതിൽനിന്ന് എന്തുകൊണ്ട് ഒഴിഞ്ഞുമാറുന്നുവെന്നും ചോദ്യമുണ്ടായി. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ച് ഹർജികൾ ഡിസംബർ 11-ന് പരിഗണിക്കാൻ മാറ്റി.
Post Your Comments