മുംബെെ: മകളുടെ അശ്ലീല ചിത്രങ്ങള്‍ പകർത്തിയ യുവാവിനെ പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം നടന്നത്. ഒരുമാസം മുമ്പാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പെൺകുട്ടിയുടെ പിതാവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബറിലാണ് സംഭവങ്ങള്‍ നടന്നത്. കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ രീതിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹാസ് ദോണ്ഡെ എന്നയാളാണ് മരിച്ചതെന്ന് കണ്ടെത്തി.
ഒക്ടോബര്‍ 16 മുതല്‍ സുഹാസിനെ കാണാതായിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. ഇതോടെ സുഹാസിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസ് ആരിഫ് ഖാസി (42), അങ്കുഷ് സാനെ (45) എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു.
മരിച്ച സുഹാസും പ്രതി ആരിഫും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി. ഇത് അറിഞ്ഞതോടെ ആരിഫ് സുഹാസിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്കി. തുടര്‍ന്ന് അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാട്ടിലേക്ക് കാറിലെത്തിച്ച ശേഷം കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നു.
Post Your Comments