തിരുവനന്തപുരം: കെ എം ഷാജിയുടെ നിയമസഭ അംഗത്വം ഹൈക്കോടതി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് വ്യക്തമാക്കി സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കെ എം ഷാജി നിയമസഭാംഗമല്ലാതായ കാര്യം പ്രത്യേക ബുള്ളറ്റിനിലൂടെ അറിയിച്ചത് നടപടിക്രമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ്. നിയമസഭചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമനുസരിച്ചുള്ള ബാധ്യത നിറവേറ്റുകമാത്രമാണ് ചെയ്തത്. ഇക്കാര്യത്തില്‍ നിയമസഭാസെക്രട്ടറിയെയും സഭാസെക്രട്ടറിയറ്റിനേയും രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചത് ശരിയായ നടപടിയല്ല. തുടര്‍ച്ചയായി ഏതോ തെറ്റിദ്ധാരണയുടെയും തെറ്റായ ഉപദേശത്തിന്റെയോ അടിസ്ഥാനത്തിലാകാം അദ്ദേഹം മാധ്യമങ്ങളോട് ഇത്തരമൊരു കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സ്പീക്കര്‍ പറയുകയുണ്ടായി.
ആദ്യ പ്രതികരണം അപ്പോഴത്തെ വികാരമായേ കരുതിയുള്ളൂ. എന്നാല്‍ അദ്ദേഹം ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു പരസ്യപ്രതികരണം വേണം എന്ന് കരുതിയതല്ല. എന്നാല്‍, നിയമസഭാ സെക്രട്ടറിയറ്റിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കും എന്ന് തോന്നിയതുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും സ്പീക്കർ വ്യക്തമാക്കി.
Post Your Comments