പൂച്ചാക്കല്‍: ശബരിമല ദര്‍ശനത്തിന് പോയ ചേര്‍ത്തല അരൂക്കുറ്റി സ്വദേശി പ്രദീപിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. 48 കാരനായ പ്രദീപിനെ കാണാതായിട്ട് പതിനൊന്നു ദിവസം കഴിഞ്ഞു. എല്ലാ മാസവും ഒന്നാം തീയതി അടുത്ത സുഹൃത്തിനോടൊപ്പമാണ് ശബരിമലയില്‍ പോകാറുള്ളത്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്കാണ് പോയത്.
ഓണ്‍ലൈനായി ടിക്കറ്റ് ബുക്കു ചെയ്താണ് കഴിഞ്ഞ 17ന് പുറപ്പെട്ടത്.പ്രദീപിന്റെ കാര്‍ നിലയ്ക്കലിലെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ടെത്തി. എന്നാൽ ഓണ്‍ലൈന്‍ ടിക്കറ്റ് അവിടെ കാണിച്ചിട്ടില്ല.പ്രദീപ് നിലയ്ക്കലില്‍ എത്തിയെന്ന് പറയുന്ന 17ന് അവിടുത്തെ സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാൽ പ്രദീപ് ഇവിടെയെത്തിയോ എന്നതിന് വ്യക്തമായ ഒരു ഉത്തരം ലഭിക്കുന്നില്ല. അതെ സമയം ചിട്ടി സ്ഥാപനം നടത്തുന്ന പ്രദീപിന് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതിനാല്‍ ആ നിലയ്ക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അരൂക്കുറ്റി കേന്ദ്രമായി നടക്കുന്ന ‘സൗഭാഗ്യ’ ചിട്ടി സ്ഥാപനത്തിന്റെ മാനേജറായിരുന്നു പ്രദീപ്. തിരോധാനത്തില്‍ ദുരൂഹതകള്‍ ഉള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി ചെക്ക് സംബന്ധിച്ച ചില പ്രശ്നങ്ങള്‍ ഉണ്ടായതായി സൂചനയുണ്ട്. ഇയാൾ മൊബൈൽ എടുക്കാത്തതിനാൽ ആ വഴിക്കും അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ശബരിമല ദര്‍ശനത്തിന് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാറില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
Post Your Comments