തിരുവനന്തപുരം: പാലക്കാട്ട് റയില്‍വേ കോച്ച് ഫാക്ടറി ആരംഭിക്കില്ലെന്ന് കേന്ദ്രം. ഇതിനായി പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കില്ലെന്നും കേന്ദ്രം കത്ത് അയച്ചു. കോച്ച് ഫാക്ടറി നിര്‍മാണം ആരംഭിക്കുക, തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ റെയില്‍വേ ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി കേരളത്തിനു സ്വന്തമായി പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും റയില്‍വേ മന്ത്രിക്കും പൊതുമരാമത്ത് മന്ത്രി ജി സുധാകരന് കത്ത് അയച്ചിരുന്നു.
കോച്ച് ഫാക്ടറിക്കായി 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത്് റെയില്‍വേയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട ഘട്ടത്തിലാണ് കോച്ച്് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യം ഇല്ല എന്ന് കേന്ദ്രം മറുപടി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. 2012 13 റെയില്‍വേ ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ച ബീഹാറിലെ റെയില്‍ വീല്‍ പ്ലാന്റും റായ്ബറേലിയിലെ കോച്ച് ഫാക്ടറിയും പശ്ചിമ ബംഗാളിലെ ഡീസല്‍ കംപോണന്റ് ഫാക്ടറിയും ഇതിനകം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.
ചെന്നൈ ആസ്ഥാനമായി മാത്രം സോണല്‍ ഓഫിസ് ഉള്ളതിനാല്‍ കേരളത്തിന്റെ പ്രധാന റെയില്‍ പദ്ധതികള്‍ അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തിലാണ് എറണാകുളം കേന്ദ്രമായി പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ് പുതുതായി ഒരു കോച്ച് ഫാക്ടറിയും നിര്‍മ്മിക്കുന്നില്ലെന്നും പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചത്.
Post Your Comments