ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലാത്തതിനാല്‍ ഹാദിയ കേസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഈ സാഹചര്യത്തിലാണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ എന്‍ ഐ എ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നത്. ഷെഫിന്‍ ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണു പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്നു കണ്ടെത്തിയെങ്കിലും അതു നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നു തെളിവില്ല എന്നുമായിരുന്നു കണ്ടെത്തല്‍.
ഷെഫിനും ഹാദിയയും തമ്മില്‍ നടന്ന വിവാഹവുമായി ബന്ധപ്പെട്ടക്കാര്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും റിട്ട. സുപ്രീംകോടതി ജഡ്ജിന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഇടക്കാല ഉത്തരവിന് വിരുദ്ധമായി എന്‍ ഐ എ സ്വന്തം നിലയ്ക്ക്അന്വേഷണം കൊണ്ടുപോയതിനാല്‍ ഡി.വൈ.എസ്.പി വിക്രമനെതിരെ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയാണ് ഷെഫിന്‍ ജഹാന്‍ പിന്‍വലിച്ചത്. ഇരുവരുടെയും വിവാഹ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നത് സംബന്ധിച്ചും മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടും എന്‍ഐഎ അന്വേഷണം തുടരാമെന്നുമായിരുന്നു സുപ്രീം കോടതി വിധി.
Post Your Comments