KeralaLatest News

ബ്രെറ്റ് ലീ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കേള്‍വി വൈകല്യം കണ്ടെത്തി പരിശോധിക്കുന്നതിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ

തിരുവനന്തപുരം•പല കാര്യങ്ങളിലെന്ന പോലെ കേള്‍വി വൈകല്യം കണ്ടെത്തി പരിശോധിക്കുന്നതിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് കേള്‍വി പരിശോധന സംബന്ധിച്ച സന്ദേശം ലോകമെമ്പാടും എത്തിയ്ക്കാന്‍ നിയോഗിക്കപ്പെട്ട ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. തന്റെ 5 വയസുള്ള മകന് കേള്‍വി ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നും ബ്രെറ്റ്‌ലി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബ്രെറ്റ് ലീ.

കേരളത്തിലെ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം കേള്‍വി ശേഷി സംബന്ധിച്ച പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ക്കായാണ് ബ്രെറ്റ് ലീ കേരളത്തിലെത്തിയത്. സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കേള്‍വി പരിശോധന ഏര്‍പ്പെടുത്തുകയും അത് നിര്‍ബന്ധമാക്കുകയും ചെയ്ത കേരള സര്‍ക്കാരിനെ ബ്രെറ്റ് ലി അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇത് മാതൃകയാണെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

Brett-Lee
ജനിച്ചയുടന്‍ ശിശുക്കളുടെ കേള്‍വിശേഷി പരിശോധിക്കാന്‍ വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള 66 മെറ്റേണിറ്റി കേന്ദ്രങ്ങളില്‍ നവജാത ശിശുക്കളുടെ കേള്‍വി ശേഷി നഷ്ടത്തെക്കുറിച്ചുള്ള പരിശോധനയ്ക്ക് തുടക്കം കുറിച്ചിരുന്നു. എല്ലാ നവജാത ശിശുക്കള്‍ക്കും കേള്‍വി പരിശോധന നടത്താനായുള്ള അഖിലേന്ത്യാ തലത്തിലെ നീക്കങ്ങള്‍ക്ക് ഇത് മാതൃകയാകും. കേള്‍വി പരിശോധന കൂടാതെ മറ്റ് വൈകല്യങ്ങളുടെ പരിശോധന കൂടി സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യ മേഖലകളിലും നിര്‍ബന്ധമാക്കേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷ മിഷന്‍ ദേശീയ ആരോഗ്യ ദൗത്യത്തോട് സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഒരു വര്‍ഷം മുമ്പ് ആരംഭിച്ച കാതോരം പദ്ധതിയുടെ ഉദ്ഘാടനത്തിനും ബ്രെറ്റ് ലീ വന്നിരുന്നു. ഒരു വര്‍ഷം കൊണ്ട് ഗണ്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞത് ആവേശമാണെന്നും ബ്രെറ്റ് ലീ അറിയിച്ചു.

സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും ഒപ്പമുണ്ടായിരുന്നു.

https://www.facebook.com/PinarayiVijayan/videos/1082607758567075/

shortlink

Related Articles

Post Your Comments

Related Articles


Back to top button