കൊല്‍ക്കത്ത: വിമാനത്താവളത്തില്‍ മോഷ്ടാവ് കുടുങ്ങിയതിന് കാരണം മലയാളി വനിത. വിമാനത്താവളങ്ങളില്‍ കയറി യാത്രക്കാരെ പോക്കറ്റടിക്കുന്ന മോഷ്ടാവ് ജാര്‍ഖണ്ഡ് സ്വദേശിയായ സാജിദ് ഹുസൈനെയാണ് കൊച്ചിയിലേക്ക് യാത്ര ചെയ്യാനായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ ബീനു ജേക്കബ് എന്ന യുവതി കൈയോടെ പിടികൂടിയത്. ഞായറാഴ്ചയാണ് സംഭവം. ബീനു ജേക്കബിന്റെ പഴ്‌സ് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.കമ്മല്‍, സ്വര്‍ണമാല, 3,500 രൂപ എന്നിവയാണ് ബീനുവിന്റെ പഴ്‌സില്‍ ഉണ്ടായിരുന്നത്.
പഴ്‌സ് കാണാതായെന്ന ബീനുവിന്റെ പരാതിയില്‍ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. എന്നാല്‍ ക്യൂവില്‍ നിന്നപ്പോഴുളള ദൃശ്യങ്ങളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഇതിന് പിന്നാലെ യുവതിയുടെ കാലിയായ പഴ്‌സ് വാഷ്‌റൂമിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരാള്‍ പഴ്‌സ് ഉപേക്ഷിച്ച് വാഷ്‌റൂമിലേക്ക് കയറുന്നത് കണ്ടത്.
എന്നാല്‍ ഇയാള്‍ പുറത്തേക്ക് വന്നത് മറ്റൊരു വസ്ത്രം ധരിച്ചായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ഇംഫാലിലേക്ക് ഇയാള്‍ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു. ഒരു മണിക്കൂറിനകം ഇംഫാലിലേക്കുളള വിമാനം പുറപ്പെടുമെങ്കിലും ചെക് ഇന്‍ ചെയ്യാതിരുന്നത് പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാളില്‍ നിന്നും മോഷണം പോയ സാധനങ്ങള്‍ കണ്ടെത്തുകയായിരുന്നു.
വില കുറവുളള വിമാന ടിക്കറ്റുകള്‍ വാങ്ങി വിമാനത്താവളത്തില്‍ കയറി മോഷ്ടിക്കുകയാണ് തന്റെ രീതിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷണം നടത്തിയ ശേഷം ടിക്കറ്റ് തിരികെ നല്‍കി പണം വാങ്ങുകയോ വിമാനത്തില്‍ യാത്ര ചെയ്യുകയോ ചെയ്യും. പ്രതിയെ റിമാന്റ് ചെയ്തു. കൊല്‍ക്കത്ത, പട്‌ന വിമാനത്താവളങ്ങളിലാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments