തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കാള്‍ വലുത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് വാദിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതുകൂടി അറിയണം. മന്ത്രിയുടെ മണ്ഡലത്തിലും സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കാത്ത ആചാരങ്ങള്‍ക്കും വിശ്വാസത്തിനും കോട്ടംതട്ടാതെ ഇന്നും സംരക്ഷിക്കപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്.
ശ്രീനാരായണ ഗുരുദേവന്റെ അരുള്‍ പ്രകാരം ഇന്നും സംരക്ഷിക്കപ്പെടുന്ന കോലത്തുകര ശിവക്ഷേത്രത്തലെ ചുറ്റുമതിലിമുള്ളില്‍ സ്ത്രീക്കും പുരുഷനും പ്രവേശനമില്ല. തിരുവനന്തപുരം കുളത്തൂര്‍ കോലത്തുകര മഹാദേവ ക്ഷേത്രത്തിലാണ് മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നത്. ശ്രീനാരായണഗുരുദേവന്റെ ശാസനങ്ങള്‍ക്ക് അനുസരിച്ച് വിഗ്രഹത്തിന്റെ പവിത്രതയും മഹത്വവും ഭക്തജനങ്ങള്‍ ഭക്ത്യാദരപൂര്‍വം കാത്ത് സൂക്ഷിക്കുന്നുമുണ്ട്.
ഇവിടെ സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനമില്ല. ചുറ്റമ്പലത്തിന് പുറത്ത് നിന്ന് മാത്രമേ ദേവനെ ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. വിധി പ്രകാരം പൂജാരിയ്ക്ക് മാത്രമേ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ഉത്സവ സമയത്ത് ക്ഷേത്ര കമ്മറ്റിക്കാര്‍ക്ക് പത്ത് ദിവസത്തെ വ്രതാനുഷ്ഠാനത്തോട് കൂടിമാത്രം ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കാം. മുമ്പ് ഭദ്രകാളി ക്ഷേത്രമെന്നാണ് കോലത്തുകരയെ അറിയപ്പെട്ടിരുന്നത്. ഗുരുദേവനാണ് ശിവപ്രതിഷ്ഠ നടത്തി കോലത്തുകരയിലെ പ്രധാന ആരാധനാ കേന്ദ്രമാക്കി ക്ഷേത്രത്തെ മാറ്റിയത്.
അരുവിപ്പുറത്തെ പ്രതിഷ്ഠക്കു ശേഷം 1068 മീന മാസം 13-ആം തീയതി ശിവ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കോലത്തുകര ശിവ ക്ഷേത്രം. സമൂഹത്തില്‍ നിന്നും അയിത്തം പോലുള്ള അനാചാരങ്ങളെ മാറ്റാനായിരുന്നു ഗുരു ശിവ പ്രതിഷ്ഠകള്‍ നടത്തിയത്. അതിനു മുന്‍പ് ഭദ്ര കാളി ക്ഷേത്രമായിരുന്നു.അന്ന് കോലത്തുകര ദേവി ക്ഷേത്രത്തില്‍ പ്രാചീന രീതിയിലുള്ള പൂജകളും ജന്തുബലിയും ആവര്‍ത്തിച്ചിരുന്നു.പ്രാകൃതമായ ആ അനാചാരം അവസാനിപ്പികുന്നതിന്റെ തുടക്കം കുറിച്ചു കൊണ്ടാണ് ഗുരുദേവന്‍ ഭദ്ര കാളി പ്രതിഷ്ഠ മാറ്റി,ശിവ പ്രതിഷ്ഠ നടത്തിയത്. ഇളക്കി മാറ്റിയ ഭദ്ര കാളി പ്രതിഷ്ഠ ഇന്നും പൂജാതികര്‍മങ്ങള്‍ ഒന്നും കൂടാതെ ചുറ്റമ്പലത്തില്‍ ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം സൂക്ഷിച്ചിടുണ്ട്.
അന്നുമുതല്‍ സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനമില്ല. മാറ്റിയ വിഗ്രഹത്തെ ദര്‍ശിക്കാനോ ആരാധന നടത്താനോ പാടില്ലെന്നാണ് ഐതിഹ്യം ചൂണ്ടിക്കാണിക്കുന്നത്. ഗുരുദേവന്‍ രണ്ടുവരി ശ്ലോകവും കുമാരനാശാന്‍ രണ്ടുവരി ശ്ലോകവും ക്ഷേത്രത്തെക്കുറിച്ച് എഴുതി നല്‍കി. പടിഞ്ഞാറോട്ട് ദര്‍ശനമായി ഇരിക്കുന്ന ഗുരുദേവന്‍,കിഴക്കോട്ടു ദര്‍ശനമായി കാണുന്ന ശിവപ്രതിഷ്ഠ.പുതിയതായി നിര്‍മ്മിച്ച മുഖമണ്ഡപത്തില്‍ നിന്നും കോലത്തീശ്വരനെ കണ്ടു ദര്‍ശനം നേടാം. ക്ഷേത്രത്തിനകത്തു പ്രവേശിച്ചു ശ്രീകോവിലിനെ പ്രദക്ഷിണം വെയ്ക്കുവാന്‍ സാധ്യമല്ല എന്നൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
Post Your Comments