തിരുവനന്തപുരം: മുപ്പതോളം മോഷണങ്ങള്‍ നടത്തിയ രണ്ട് അന്തര്‍ സംസ്ഥാന കള്ളന്മാരെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. മംഗലാപുരം അടയാര്‍ ഹൗസില്‍ സുദര്ശന് ബെലെഗേര എന്ന മൊട്ടച്ചന്‍ (35), സേലം റെയില്‍വേ കോളനിയില്‍ സന്തോഷ് (27) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. പകല്‍സമയങ്ങളില്‍ കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍ മനസിലാക്കി വീടിന്റെ പിറകുവശത്തെ വാതില്‍ പൊളിച്ച് കയറിയാണ് മോഷണം നടത്തിയിരുന്നത്.
ആളില്ലാത്ത വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മണ്ണന്തല, പേരൂര്‍ക്കട, തിരുവല്ലം, കോവളം എന്നിവിടങ്ങളില്‍ പകല്‍സമയങ്ങളില്‍ തുടരെ മോഷണം നടന്നതിനെ തുടര്‍ന്ന് കണ്ട്രോള് റൂം എ.സി വി. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ഷാഡോ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്.
മണ്ണന്തല ഭഗത്സിംഗ് നഗര്‍ റോഡില്‍ ഷിബുരാജിന്റെ വീട്ടില്‍ കയറി നാല് പവനോളം സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചതും പേരൂര്‍ക്കട കുശവര്‍ക്കല്‍ അലക്സാണ്ടറുടെ വീട്ടില്‍നിന്ന് സ്വര്‍ണമോതിരങ്ങളും പണവും കവര്‍ന്നതും ഇവരാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, ഒഡിഷ എന്നിവിടങ്ങളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഇവര്‍ മറ്റു സംസ്ഥാനങ്ങളില്‍ സമീപകാലത്ത് മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു.
Post Your Comments