കൊച്ചി: മാത്യൂ ടി തോമസ് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ചതില്‍ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായെന്നും വിഹിതം കിട്ടാതെ വന്നപ്പോള്‍ ഗൗഡയും കൈവിട്ടെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലെത്തി, മന്ത്രി മാത്യു ടി തോമസ്. ഒട്ടകം അകത്തു കയറിയപ്പോള്‍ അറബി പുറത്തായി.
കോഴിക്കോട് ലോക്സഭാ സീറ്റിനെ ചൊല്ലി 2009ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വീരേന്ദ്രകുമാറിനൊപ്പം നിന്നയാളാണ് കെ കൃഷ്ണന്‍കുട്ടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ സീറ്റു കിട്ടാതെ വന്നപ്പോള്‍ കുട്ട്യേട്ടനും വീരനും തമ്മില്‍ തെറ്റി. അന്ന് മതേതര ജനതാദളത്തിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നത് മാത്യു ടി തോമസ് ആയിരുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ മത്സരിച്ച് എംഎല്‍എ ആയപ്പോള്‍ കുട്ട്യേട്ടനു മന്ത്രിയാകണം ജനങ്ങളെ സേവിക്കണം എന്നായി മോഹം. നാണ്വേട്ടനും അതിനെ പിന്തുണച്ചു. പക്ഷേ ദേവഗൗഡയുടെയും പിണറായി വിജയന്റെയും പിന്തുണയോടെ മാത്യു മന്ത്രിയായി. കുട്ട്യേട്ടന്‍ പാര്‍ട്ടി പ്രസിഡന്റ് പദം കൊണ്ട് തല്ക്കാലം തൃപ്തിപ്പെട്ടു.
മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി. വിഹിതം കിട്ടാതെ വന്നപ്പോള്‍ ഗൗഡയും കൈവിട്ടു. അങ്ങനെ കുട്ട്യേട്ടന്റെ രാജയോഗം തെളിഞ്ഞു.
കുട്ട്യേട്ടന്‍ മന്ത്രിയാകുന്നതോടെ കൊഴിഞ്ഞമ്പാറയുടെ സമഗ്ര വികസനം പൂര്‍ണമാകും. പാര്‍ട്ടിയിലെ സംസ്ഥാന, ജില്ലാ, നേതാക്കളുടെ ജീവിതവും സുരക്ഷിതമാകും. ഗൗഡാജിയുടെ പരിഭവവും തീരും.
Post Your Comments