കാക്കനാട് : പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൈതാങ്ങായി കുടുംബശ്രീ. ഗൃഹോപകരണങ്ങള്‍ 40 മുതല്‍ 50 ശതമാനംവരെ വിലക്കുറവാണ് നല്‍കുക. കുടുംബശ്രീയുടെ റീസര്‍ജന്റ് കേരള വായ്പാ പദ്ധതി ഗുണഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.
പ്രമുഖ നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായുള്ള ധാരണപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.പി.ഗീവര്‍ഗ്ഗീസ് പറഞ്ഞു.
മിക്സര്‍ ഗ്രൈന്റര്‍, ഗ്യാസ് സ്റ്റൗ, കുക്കര്‍, ഫ്രൈ പാന്‍, ഫാന്‍, വാട്ടര്‍ പ്യൂരിഫയര്‍, കിടക്ക, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങളാണ് ലഭ്യമാക്കുക. പറവൂര്‍, കളമശ്ശേരി, പാലാരിവട്ടം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ തെരഞ്ഞെടുത്ത കടകള്‍ വഴിയാണ് വിതരണം. കടകളുടെ ലിസ്റ്റ് കുടുംബശ്രീ നല്‍കും. താല്‍പര്യമുള്ള കമ്പനിയുടെ ഉല്‍പ്പന്നം ഗുണഭോക്താവിന് തെരഞ്ഞെടുക്കാമെങ്കിലും ഒരു തരത്തിലുള്ള ഒരുല്‍പ്പന്നമേ വാങ്ങാന്‍ കഴിയൂ.
അര്‍ഹരായ അംഗങ്ങള്‍ക്ക് നല്‍കുന്ന ഹോളോഗ്രാം പതിച്ച ഡിസ്‌കൗണ്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാവുക. ഡിസംബര്‍ 31ന് അവസാനിക്കുന്ന പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം നവംബര്‍ അവസാനവാരം നടത്തും. ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിനുശേഷം ഗുണഭോക്താവ് ഡിസ്‌കൗണ്ട് കാര്‍ഡ് കുടുംബശ്രീ സി.ഡി.എസ്സിനെ തിരികെ ഏല്‍പ്പിക്കണമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Post Your Comments