തിരുവനന്തപുരം: വീടില്ലാത്ത മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23000 പട്ടികജാതി കുടുംബങ്ങള്‍ക്കു വീട് നല്കുന്നതിനു നടപടിയെടുത്തതായും മന്ത്രി പറഞ്ഞു. ചെറുന്നിയൂര്‍ പഞ്ചായത്തിലെ കല്ലുമലക്കുന്ന് കോളനിയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വീട് വയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്കു ഭൂമി കണ്ടെത്തി നല്‍കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്നു മന്ത്രി പറഞ്ഞു. പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രണ്ടു വര്‍ഷത്തിനിടെ 1350 ഓളം പേര്‍ക്കു രാജ്യത്തിനകത്തും 200 പേര്‍ക്ക് വിദേശത്തും ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞു. വിദേശത്തും സ്വദേശത്തും മികച്ച തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിന് നൈപുണ്യ വികസന പരിശീലനം നല്‍കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഒരു കോടിയോളം രൂപ ചെലവിലാണ് കല്ലുമലക്കുന്ന് അംബേദ്കര്‍ ഗ്രാമത്തിലെ വികസന പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ലൈബ്രറി, പഠനമുറി, ഹൈമാസ് ലൈറ്റ്, ഇന്റര്‍ലോക്ക് നടപ്പാതകള്‍, സംരക്ഷണ ഭിത്തി തുടങ്ങിയവയാണ് വികസന പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്നത്.
ബി. സത്യന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവപ്രകാശ്, ജില്ലാ പഞ്ചായത്തംഗം കൃഷ്ണന്‍കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന ശിവകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സബീന ശശാങ്കന്, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments