തിരുവനന്തപുരം : ഗവർണറാകുമെന്ന വാർത്തയുടെ പ്രതികരിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. താൻ ഗവർണർ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല.ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും സംസാരിച്ചിട്ടുമില്ല. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാൻ കേന്ദ്രം നിയമ നിർമാണം നടത്തണം എന്നാവശ്യപ്പെട്ടാണ് ബിജെപി അധ്യക്ഷൻ അമിത്ഷായെ കണ്ടതെന്നു മുൻ ഡിജിപി പറഞ്ഞു.
ഉടനെ ഡൽഹിക്കു പോകുന്നില്ല. അടുത്ത ദിവസം ഹൈദരാബാദ് പൊലീസ് അക്കാദമിയിലേക്കു താൻ സുപ്രീം കോടതിയിൽ ജയിച്ച കേസ് സംബന്ധിച്ചു ഐപിഎസ് ഉദ്യോഗസ്ഥർക്കു ക്ളാസെടുക്കാൻ പോകുന്നുണ്ട്. അവിശ്വാസികൾ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നതു ശരിയല്ല. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങൾ സംരക്ഷിക്കാനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനു സാധിക്കും. ദേവസ്വം ബോർഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണം. അതിന്റെ വിശദാംശം രേഖാമൂലം അമിത്ഷായ്ക്കു കൈമാറിയിട്ടുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും ചർച്ച ചെയ്തിട്ടില്ലെന്നു അദ്ദേഹം പ്രതികരിച്ചു.
Post Your Comments