പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്.
അതേസമയം സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണെന്നും നിക്കെതിരായി വീണ്ടും വീണ്ടും കേസുകള്‍ വരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തിയിരുന്നു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുക എന്നതാണ് ഈ നീക്കങ്ങള്‍ക്കു പിന്നിലെ മുഖ്യലക്ഷ്യം. ഇത്തരം നീക്കങ്ങളിലൂടെ വിശ്വാസി സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാമെന്നു ചിലര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു. തനിക്കെതിരെ കള്ളക്കേസുകള്‍ എടുക്കയാണെന്നും ഇതിനു പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
ഇതിലൂടെയൊന്നും തന്നെ തകര്‍ക്കാമെന്ന് ആരും ധരിക്കരുതെന്നും ഇനിയും ആചാര സംരക്ഷണത്തിനായി തന്നെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസുകളെ സധൈര്യം നേരിടും എന്നാലും താനെന്തായാലും നെഞ്ചുവേദന അഭിനയിക്കില്ലെന്നും പരിഹസിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉന്നം വച്ചായിരുന്നു ഈ പരോക്ഷ പരിഹാസം.
Post Your Comments