KeralaLatest News

പട്ടാപ്പകല്‍ വന്‍ കവര്‍ച്ച: ആളില്ലാത്ത വീട്ടില്‍ നിന്ന് 90പവനും 22,000രൂപയും മോഷ്ടിച്ചു

നേരത്തേ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അത്യാവശ്യകാര്യത്തിനായി കുറച്ചു നാളുകള്‍ക്കു മുന്‍പാണ് എടുത്തത്

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും 22,000രൂപയും മോഷണം പോയി.  ടൗണ്‍ വണ്‍വേ റോഡില്‍ ആര്‍ജി ആശുപത്രിക്കു സമീപം ലവ്ലാന്‍ഡില്‍ നവാസിന്റെ വീട്ടിലാണു മോഷണം നടന്നത്. വീട്ടിലുള്ളവര്‍ പുറത്തു പോയ സമയത്തായിരുന്നു മോഷണം. മൃഗസംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനാണു നവാസ്. ഇയാളുടെ ഭാര്യയായ സബീനയാണ് വീട്ടില്‍ മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. അധ്യാപികയായ സബീന വൈകിട്ട് 5.30നു ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് സ്വര്‍ണവും പണവും മോഷണം പോയ വിവരം പുറത്തറിഞ്ഞത്.

നേരത്തേ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അത്യാവശ്യകാര്യത്തിനായി കുറച്ചു നാളുകള്‍ക്കു മുന്‍പാണ് എടുത്തത്. തുടര്‍ന്ന് ഇവ അലമാരിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടിലെ എല്ലാ മുറികളിലേയും അലമാര, മേശ എന്നിവ കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിനായി കമ്പിപ്പാര പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചതായാണ് നിഗമനം. അതേസമയം ഗേറ്റ് പൂട്ടി കിടന്നതിനാല്‍ മതില്‍ചാടിയോ, പിന്‍വശത്തുകൂടിയോ ആണ് മോഷ്ടാക്കള്‍ അകത്തെത്തിയതെന്നും സംശയമുണ്ട്.

നവാസും സബീനയുടേയും മക്കളില്‍ ഒരാള്‍ തിരുവനന്തപുരത്ത് ഐടി കമ്പനിയില്‍ ജോലി ചെയ്തു വരുികയാണ്. അടൂരില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന മറ്റൊരാള്‍ രക്ഷിതാക്കള്‍ ജോലിക്കു പോകുന്നതിനു മുന്‍പേ പഠിക്കാന്‍ പോകും. അവസാനമായി വീട്ടില്‍ നിന്നും പോയത് സബീനയാണെന്നും ഇന്നലെ പകല്‍ ആരും വീട്ടിലുണ്ടായിരുന്നില്ലെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിനോടൊപ്പം മോഷണം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പുനലൂര്‍ ഡിവൈഎസ്പി അനില്‍ കുമാര്‍, പത്തനാപുരം സിഐ എം.അന്‍വര്‍, എസ്.ഐ.പുഷ്പകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button