തിരുവനന്തപുരം•വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട മേൽശാന്തി ജീവനെ ഒഴിവാക്കിയ നടപടി റദ്ദാക്കുന്നതിന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. വൈക്കത്തഷ്ടമിയുടെ ഭാഗമായി നേരത്തെ നിശ്ചയിച്ച പ്രസാദ വിതരണ ചുമതലയില്‍ നിന്നും ജീവനെ ദുരുദ്ദേശത്തോടെ ഒഴിവാക്കിയെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനാണ് മന്ത്രി നിർദ്ദേശം നൽകിയത്.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഈ മാസം 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ടമി സ്പെഷ്യൽ ഡ്യൂട്ടി ലിസ്റ്റിൽ തേവർധാനം ക്ഷേത്രത്തിലെ മേൽശാന്തിയായ ജീവനെ പ്രസാദവിതരണത്തിനുള്ള സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഉത്സവത്തിന് കൊടിയേറിയതിന് ശേഷം പുറത്തിറക്കിയ പുതിയ ലിസ്റ്റിൽ നിന്ന് ജീവനെ ഒഴിവാക്കുകയായിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ ചരിത്ര പ്രധാന ഉത്തരവിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മേൽശാന്തിയായി നിയമനം ലഭിച്ച 6 പട്ടികജാതികാരിൽ ഒരാളായ ജീവൻ നിലവില്‍ തേവര്‍ധാനം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
Post Your Comments