കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പിതൃസഹോദര പുത്രന്‍ കെ.ടി അദീപിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ സ്ഥിരം നിയമിക്കാനാണ് മന്ത്രി തീരുമാനിച്ചിരുന്നതെന്ന് ഫിറോസ് പറഞ്ഞു.
സ്ഥിരനിയമനം മുന്നില്‍ കണ്ടാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജിവച്ച് അദീപ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ പുതിയ ജോലിക്കായി എത്തിയത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ധനകാര്യ വകുപ്പില്‍ നിന്നും മാറ്റി സ്വന്തം ഓഫീസില്‍ മന്ത്രി പൂഴ്ത്തിവച്ചിരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു.
മന്ത്രിയുടെ ഓഫീസിലാണ് ഫയലുകള്‍ ഉള്ളതെന്ന് ഇ-ഫയലുകള്‍ സൂചിപ്പിക്കുന്നതെന്നും, മറ്റു രേഖകള്‍ നശിപ്പിച്ചിട്ടുണ്ടാകുമെന്നും ഫിറോസ് പറഞ്ഞു. എന്നാല്‍ അദീപ് രാജിവച്ച രേഖകള്‍ ബാങ്ക് നല്‍കുന്നില്ലെന്നും ഇത് മന്ത്രി ജലീലിന്റെ ഇടപെടല്‍ മൂലമാണെന്നും ഫിറോസ് പറഞ്ഞു. ഒരുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ ആണെന്ന് മന്ത്രി പറയുമ്പോഴും എന്തുകൊണ്ട് അദീപ് നേരത്തേയുണ്ടായിരുന്ന ജോലി രാജിവച്ച് ചുമതലയേറ്റെടുക്കാന്‍ വന്നുവെന്നും ഫിറോസ് ചോദിച്ചു.
മന്ത്രിയുടെ ദേഹത്ത് പുരണ്ട കറ മാന്യന്മാര്‍ക്ക് മുകളില്‍ കുടഞ്ഞിടനാണ് ശ്രമിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ ജലീലിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തമാക്കുമെന്നും ഫിറോസ് അറിയിച്ചു.
Post Your Comments