കോട്ടയം: ഫേസ്ബുക്കിലൂടെ പ്രണയത്തിലായ കാമുകനെ കാണാന്‍ യുവതി വീട്ടിലെത്തി. എന്നാല്‍ യുവാവിന്റെ കുടുംബം യുവതിയെ വീട്ടില്‍ കയറ്റാന്‍ കൂട്ടാക്കിയില്ല. സംഭവം വഷളായതോടെ പ്രശ്‌ന പരിഹാരത്തിനായി പോലീസെത്തി കമിതാക്കളെ സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍ യുവാവിനെ കല്ല്യാണം കഴിക്കണമെന്ന യുവതി ഉറപ്പിച്ച് പറഞ്ഞതോടെ യുവാവ് വിവാഹത്തിനു സമ്മതിച്ചു. എന്നാല്‍ വിവാഹത്തിനായി ഇരുവീട്ടുകാരും ക്ഷേത്രത്തിലെത്തിയപ്പോള്‍ സംഭവം വീണ്ടും തര്‍ക്കത്തിലെത്തുകയും വിവാഹം മുടങ്ങുകയുമായിരുന്നു. സംഭവം കയ്യാങ്കളിയിലെത്തിയപ്പോള്‍ പോലീസ് ഇടപെട്ട് ഇരുവരേയും കോടതിയില്‍ ഹാജരാക്കുകയും ഇരുവരെയും ഒരുമിച്ചുപോകാന്‍ കോടതി അനുവദിക്കുകയുമായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോട്ടയം അയ്മനം സ്വദേശി യുവാവും കൊട്ടാരക്കര സ്വദേശിയായ യുവതിയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന യുവാവ് വിവാഹത്തിനായാണ് ഈയിടെ നാട്ടിലെത്തിയത്. അതേസമയം യുവാവിനെ നേരില്‍ കാണാന്‍ കൊട്ടാരക്കരയിലേയ്ക്ക് വിളിച്ചുവരുത്തിയ യുവതി ഇയാള്‍ക്കൊപ്പം കോട്ടയത്തേയ്ക്ക് പോരുകയായിരുന്നു. എന്നാല്‍ അയ്മനത്തെ വീട്ടിലെത്തിയ യുവതിയെ വീട്ടുകാര്‍ കയറ്റാന്‍ വിസമ്മതിച്ചതോടെ ബഹളമായി. വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. വിവാഹത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ കാമുകനും വിവാഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് യുവതിയെ പോലീസ് വനിതാസെല്ലിലേക്കുമാറ്റി.
ബുധനാഴ്ചയാണ് ഇവരുടെ വിവാഹം തീരുമാനിച്ചത്. എന്നാല്‍ ഇതിനായി കോട്ടയം നഗരത്തിലെ ക്ഷേത്രത്തില്‍ എത്തിയതോടെ ഇരുവീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും വിവാഹം മുടങ്ങുകയും ചെയ്തു. വിവാഹശേഷം വരന്‍ പെണ്‍വീട്ടിലേക്കു പോകണമെന്ന ആവശ്യം യുവതി ഉന്നയിച്ചതോടെയായിരുന്നു തര്‍ക്കം മൂത്തത്. തര്‍ക്കം നീണ്ടതോടെ ക്ഷേത്രനട അടക്കുകയും വിവാഹം മുടങ്ങുകയുമായിരുന്നു. ഇതോടെ കമിതാക്കളെ പോലീസ് വീണ്ടും സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അതേസമയം മകളെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ അച്ഛന്‍ കോട്ടയം വെസ്റ്റ് പോലീസില്‍ നല്‍കിയ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. പിന്നീട് കമിതാക്കളെ ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചു. തുടര്‍ന്ന് യുവാവ് കാമുകിയുടെ വീട്ടുകാര്‍ക്കൊപ്പം കൊട്ടാരക്കരയിലെ വീട്ടിലേക്കു പോയി.
Post Your Comments